മൈസൂര്‍: സാമൂഹ്യ മാധ്യമം വഴി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആത്മഹത്യാ സന്ദേശമയച്ചശേഷം അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മൈസൂരു ഏജി കൊപ്പല്‍ സ്വദേശികളായ മഹേഷ് (35), ഭാര്യ ഭവാനി (28), മകള്‍ പ്രേക്ഷ (മൂന്ന്), അച്ഛന്‍ മഹാദേവന്‍ (65), അമ്മ സുമിത്ര (55) എന്നിവരെയാണ് ഒരാഴ്ച മുമ്പ് കാണാതായത്. സരസ്വതിപുരം പൊലീസ് രജിസ്റ്റര്‍ ചെയ്തു. പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഈ മാസം 23ന് മഹേഷ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുന്നതായി വാട്സ്ആപ്പിലൂടെ സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ച ഭവാനിയുടെ സഹോദരന്‍ ജഗദീഷ് വീട്ടിലെത്തി അന്വേഷിച്ചു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. മഹേഷും സുഹൃത്തായ വീരേഷും ചേര്‍ന്ന് നേരത്തെ മാര്‍ക്കറ്റിംഗ് ബിസിനസ് നടത്തി വരികയായിരുന്നു. ബിസിനസ് ആവശ്യത്തിനായി അടുത്തിടെ വീരേഷ് ബിസിനസ് പങ്കാളിയായ മഹേഷിന്റെ പേരില്‍ 35 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നുവെന്നു പറയുന്നു. പണം നല്‍കിയവര്‍ മഹേഷിനെ നിരന്തരം ശല്യപ്പെടുത്തിയതായും അതിനു പിന്നാലെയാണ് ആത്മഹത്യാ സന്ദേശമയച്ചതും കാണാതായതും.
