കരിപ്പൂര്‍ ഹജ്ജ് യാത്രാ നിരക്ക്; ലീഗ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: കരിപ്പൂര്‍ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. നിരക്ക് വര്‍ദ്ധനവിനെതിരെ പ്രക്ഷോഭം നടത്താന്‍ മുസ്ലീംലീഗ് തീരുമാനിച്ചു. വിഷയത്തില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മറുപടി പറയണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. എയര്‍ഇന്ത്യ സൗദി എയര്‍ലൈന്‍സിന്റെ തുകയിലേയ്ക്ക് നിരക്ക് കുറയ്ക്കണമെന്നും ഇതിനു കഴിയില്ലെങ്കില്‍ റീടെണ്ടര്‍ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തു നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ 70 ശതമാനം പേരും യാത്ര പുറപ്പെടുന്നത് കരിപ്പൂരില്‍ നിന്നാണ്. ഇത്തവണ പതിനാലായിരത്തിലധികം പേരാണ് കരിപ്പൂര്‍ വഴിയുള്ള യാത്രയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇപ്പോള്‍ യാത്രാനിരക്ക് കൂടിയ സാഹചര്യത്തില്‍ അപേക്ഷ മാറ്റി നല്‍കാന്‍ കഴിയില്ല. കരിപ്പൂര്‍ വിമാനതാവളത്തില്‍ ചെറിയ വിമാനങ്ങളെ ഇറങ്ങുന്നുള്ളൂവെന്നും ഇത് കാരണമുള്ള അധിക ചെലവാണ് നിരക്ക് വര്‍ദ്ധനയ്ക്ക് ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. കണ്ണൂരിലും കൊച്ചിയിലും സര്‍വ്വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ് പകുതി തുക മാത്രമാണ് ഈടാക്കുന്നത്. നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനതാവളങ്ങളില്‍ ഹജ്ജ് യാത്രാനിരക്ക് കുത്തനെ കുറഞ്ഞപ്പോള്‍ കരിപ്പൂരില്‍ എയര്‍ഇന്ത്യാ നിരക്ക് വന്‍ തോതില്‍ ഉയര്‍ത്തിയതാണ് ഹജ്ജിനൊരുങ്ങുന്ന തീര്‍ത്ഥാടകര്‍ക്കുള്ള ആശങ്ക. വിഷയം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ റീടെണ്ടര്‍ നടപടിയിലേക്ക് നീങ്ങിയാല്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് നിയമ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page