കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി അധികം വേണമെന്ന് മുസ്ലിംലീഗ്. കാസർകോട് സീറ്റ് വേണം എന്നാണ് ലീഗ് നേതൃത്വത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായി. രാഹുൽഗാന്ധി മത്സരിക്കാത്ത പക്ഷം വയനാട് സീറ്റ് ലീഗിന് നൽകണമെന്നാണ് ആവശ്യം. അതില്ലെങ്കിൽ കാസർകോട് സീറ്റ് വേണം എന്ന നിലപാടിലാണ് ലീഗ് സംസ്ഥാന നേതൃത്വം. അതേസമയം രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെങ്കിൽ നിലവിലെ സീറ്റ് മതിയെന്നാണ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. രാഹുൽ ഗാന്ധി മത്സരിക്കുന്നെങ്കിൽ രണ്ടു സീറ്റിൽ തൃപ്തരാവും.
മൂന്നാഴ്ച മുമ്പ് ചേർന്ന സംസ്ഥാന യോഗത്തിലും പിന്നീട് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലും ഒരു സീറ്റ് കൂടി അധികം ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. യു ഡി എഫ് കൺവീനർ എം എം ഹസനെ നേതാക്കൾ ഇക്കാര്യം നേരിട്ട് അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഉഭയകക്ഷി ചർച്ചകൾ നടത്താൻ യു ഡി എഫ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലീഗ് നേതാക്കളുമായി കോൺഗ്രസ് നേതൃത്വം തിങ്കളാഴ്ച ചർച്ച നടത്തുന്നുണ്ട്. നിലവിലെ സാഹചര്യം അനുസരിച്ച് ലീഗിനെ പിണക്കാതിരിക്കുന്നതാണ് ബുദ്ധി എന്നാണ് കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം. ഈ സാഹചര്യത്തിലാണ് കാസർകോട് സീറ്റ് ലീഗിന് കിട്ടുമോ എന്ന ചർച്ച സജീവമായത്. ഏറെ ആകാംക്ഷയോടെയാണ് ഇന്നത്തെ ഉഭയകക്ഷി ചർച്ചയെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
കോട്ടയം സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യം ഉന്നയിച്ചതോടെയാണ് യു ഡി എഫിൽ പ്രതിസന്ധി ഉടലെടുത്തത്. തുടർന്ന് ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുസ്ലിം ലീഗുമായുള്ള ചർച്ചയും ഇന്നുകൊണ്ട് പൂർത്തീകരിക്കാൻ കഴിയില്ല എന്നാണ് വിലയിരുത്തൽ.