ഗവർണറും എസ് എഫ് ഐ യും നേർക്ക് നേർ; പൊലീസ് അനാസ്ഥക്കെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പൊലീസിനെ വെട്ടിച്ച് ​ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്.എഫ്.ഐ പ്രവർത്തകരെ ഗവര്‍ണര്‍ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നേരിട്ടു. വാഹനത്തില്‍ നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പൊലീസിനോടും കയര്‍ത്ത അദ്ദേഹം, സുരക്ഷാ വീഴ്ചയിൽ പൊലീസിനെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേ സമയം പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറാൻ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവര്‍ണര്‍ പേഴ്‌സണല്‍ സ്റ്റാഫിനോട്‌ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയിൽ പൊലീസിനെതിരെ വലിയ വിമർശനമാണ് ​ഗവർണർ ഉയർത്തിയത്. സുരക്ഷ നൽകേണ്ട പൊലീസ് തന്നെ ആക്രമണത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ​ഗവർണർ തുറന്നടിച്ചു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ നിങ്ങൾ സുരക്ഷയൊരുക്കുന്നതെന്നും ​ഗവർണർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page