75-ാമത് റിപ്പബ്ലിക്ദിന ആഘോഷത്തിൽ രാജ്യം; പരേഡ് നയിക്കുന്നതു വനിതകൾ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശിഷ്ടാതിഥി

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു. രാവിലെ 10.30ന് കര്‍ത്തവ്യപഥിലാണ് പരേഡ് അരങ്ങേറുക. 80 ശതമാനം വനിതകളാണ് ഇക്കുറി പരേഡ് നയിക്കുക.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പരേഡില്‍ അണിനിരത്തും. ഡല്‍ഹിയും പരിസരവും രണ്ടുദിവസമായി കനത്ത സുരക്ഷാവലയത്തിലാണ്. 8,000 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിനുള്ളില്‍ നിയോഗിച്ചതായി ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. പരമ്പരാഗത സൈനിക ബാന്‍ഡുകള്‍ക്കുപകരം ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്ന നൂറോളം വനിതകളും പരേഡിന്റെ ഭാഗമാകും. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ 15 വനിതാ പൈലറ്റുമാരും സൈനികാഭ്യാസങ്ങളുടെ ഭാഗമാകും. കേന്ദ്ര സായുധസേനയെയും ഇത്തവണ വനിതാ ഉദ്യോഗസ്ഥരാണ് നയിക്കുന്നത്.
വീരമൃത്യുവരിച്ച സൈനികര്‍ക്ക് യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെയായിരിക്കും റിപ്പബ്ലിക്ദിന പരിപാടികള്‍ക്ക് തുടക്കമാകുക. തൊട്ടുപിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കുതിരകളെ പൂട്ടിയെ പരമ്പരാഗത ബഗ്ഗിയില്‍ കര്‍ത്തവ്യപഥിലെത്തും. 40 വര്‍ഷത്തിനുശേഷമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുതിരകളെ പൂട്ടിയ ബഗ്ഗിയില്‍ രാഷ്ട്രപതി പരേഡിനെത്തുന്നത്.
ദേശീയപതാക ഉയര്‍ത്തുന്നതിനുപിന്നാലെ ദേശീയഗാനം ആലപിക്കും. അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ഗണ്‍ സല്യൂട്ട് എന്ന നിലയില്‍ 21 ആചാരവെടികള്‍ മുഴക്കും. ഇതിനുപിന്നാലെ കര്‍ത്തവ്യപഥില്‍ വ്യോമസേന പുഷ്പവൃഷ്ടി നടത്തും. പുഷ്പവൃഷ്ടിക്കുശേമാണ് നൂറ് വനിതകളുടെ നേതൃത്വത്തിലുള്ള ബാന്‍ഡ് പ്രകടനം നടക്കുക. പിന്നാലെ രാഷ്ട്രപതി, സേനകളുടെ ഔദ്യോഗികസല്യൂട്ടുകള്‍ സ്വീകരിക്കുന്നതോടെ പരേഡിന് തുടക്കമാകും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page