കാസർകോട്:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രക്ക് നാളെ കാസർകോട് തുടക്കമാകും.താളിപ്പടുപ്പ് മൈതാനിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം ഫെബ്രുവരി 27ന് പാലക്കാട് സമാപിക്കും.
മോദി ഗ്യാരന്‍ഡി, പുതിയ കേരളം എന്നതാണ് പദയാത്രയുടെ പ്രധാന മുദ്രാവാക്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തന്നെ കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ സമര പ്രഖ്യാപനവും, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും കൂടുതല്‍ സജീവമാകുന്നതിനിടെയാണ് പദയാത്രയുടെ പര്യടനം. സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം തുടരുന്നതിനൊപ്പം കേന്ദ്ര നേട്ടങ്ങള്‍ കൂടി ഊന്നി ആയിരിക്കും രാഷ്ട്രീയ പ്രചാരണം.
പൊതുസമ്മേളനങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ ദേശീയ നേതാക്കളെ എത്തിക്കാനാണ് നീക്കം. ഫെബ്രുവരി 12ന് തിരുവനന്തപുരത്തെ പദയാത്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. മണ്ഡലങ്ങളില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും, മത സാമൂദായിക നേതാക്കളുമായും കെ സുരേന്ദ്രന്‍ കൂടികാഴ്ച്ച നടത്തും.