പ്ലാനിട്ടത് ഗോവ കറങ്ങാന്‍; ഭര്‍ത്താവ് ഹണി മൂണിന് എത്തിച്ചത് അയോധ്യയില്‍; വിവാഹ മോചനം തേടി യുവതി

ഗോവയിലേക്ക് പോകുന്നതിന് പകരം ഹണിമൂണിന് അയോദ്ധ്യയിലും വാരണാസിയിലേക്കും കൊണ്ടുപോയതിന് പിന്നാലെ വിവാഹ മോചനം തേടി യുവതി. മദ്ധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയെ സമീപിച്ചത്. വിവാഹം കഴിഞ്ഞ ആദ്യമായി ഗോവയില്‍ കൊണ്ടുപോകാമെന്നായിരുന്നു ഭര്‍ത്താവ് വാഗ്ദാനം ചെയ്തിരുന്നത്. ഐടി മേഖലയിലുള്ള ഭര്‍ത്താവിന് ഉയര്‍ന്ന ശമ്പളമുള്ളതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ല. വേണമെങ്കില്‍ വിദേശത്തും ഹണിമൂണിനായി പോകാനുള്ള താല്‍പര്യവുമുണ്ടായിരുന്നു. പക്ഷെ മാതാപിതാക്കളെ നോക്കണമെന്നും, വിദേശയാത്രയ്ക്ക് താത്പര്യമില്ലെന്നുമാണ് ഭര്‍ത്താവ് യുവതിയോട് പറഞ്ഞത്. ഒടുവില്‍ ഇന്ത്യയിലെവിടെയെങ്കിലും പോകാമെന്ന് തന്നോട് പറയുകയായിരുന്നുവെന്ന് യുവതി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അങ്ങനെ ഹണിമൂണ്‍ ഗോവയില്‍ മതിയെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഭാര്യയോട് ഒരക്ഷരം പോലും ചോദിക്കാതെ യുവാവ് അയോദ്ധ്യയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. യാത്ര പോകുന്നതിന് തലേദിവസമാണ് ഇക്കാര്യം യുവതി അറിയുന്നത് പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് അയോദ്ധ്യയിലേക്ക് പോകണമെന്നത് തന്റെ അമ്മയുടെ ആഗ്രഹമാണെന്നു ഇയാള്‍ ഭാര്യയെ അറിയിച്ചു. എന്നാല്‍ അപ്പോഴൊന്നും യുവതി എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. തന്നേക്കാള്‍ കൂടുതല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കാണ് ഭര്‍ത്താവ് പ്രാധാന്യം നല്‍കുന്നതെന്നാണ് യുവതി ആരോപിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page