രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍കുമാറിന് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍

റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് 2 പേര്‍ക്കും സ്തുത്യര്‍ഹ സേവനത്തിന് 11 പേര്‍ക്കുമാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് മെഡല്‍ നേടിയിരിക്കുന്നത്.
ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സുനില്‍കുമാര്‍ സികെ, എഎസ്പി വി സുഗതന്‍, ഡിവൈഎസ്പി സലീഷ് എന്‍എസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്‌ഐ ബി സുരനേദ്രന്‍, ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ പി, എഎസ്‌ഐ മിനി കെ എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍ നേടിയ 11 ഉദ്യോഗസ്ഥര്‍.
കൊലപാതകം, കവര്‍ച്ച അടക്കമുള്ള നിരവധി കേസുകള്‍ തെളിയിച്ചു പൊലീസ് സേനയ്ക്ക് തന്നെ അഭിമാനമായ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സികെ സുനില്‍കുമാര്‍. 2010 ലെ കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറി കവര്‍ച്ച, നീലേശ്വരത്തെ തങ്കമണി വധക്കേസ്, 2013 ലെ 100 കിലോ കഞ്ചാവ് പിടികൂടിയ സംഭവം, 2015 ലെ ചെറുവത്തൂരില്‍ നടന്ന വിജയ ബാങ്ക് കവര്‍ച്ച, കുഡ്‌ലു ബാങ്കില്‍ നടന്ന കോടികളുടെ കവര്‍ച്ച തുടങ്ങിയ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയത് സികെ സുനില്‍കുമാര്‍ സിഐ ആയി സേവനം ചെയ്യുമ്പോഴായിരുന്നു. കഴിഞ്ഞ വര്‍ഷം ബേക്കല്‍, ബേഡകം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന 12 ഓളം ബൈക്കിലെത്തിയുള്ള മാല കവര്‍ച്ചാ കേസുകളില്‍ മോഷ്ടാക്കളെ പിടികൂടിയത് സികെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കേരളത്തിലേക്കുള്ള വന്‍ മയക്കുമരുന്ന് കടത്ത് റാക്കറ്റില്‍പെട്ട നൈജീരിയന്‍ യുവതി ഹഫ്സ റിഹാനത്ത് ഉസ്മാന്‍ എന്ന ബ്ലെസിംഗ് ജോയിയെ ബംഗളൂരുവില്‍ നിന്നാണ് ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ സികെ പിടികൂടിയത്. 2015 ലെ മികച്ച സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന് നാസ്‌കോം എന്ന സംഘടന നല്‍കുന്ന ഇന്ത്യന്‍ സൈബര്‍ കോപ്പ് അവാര്‍ഡും ലഭിച്ചിരുന്നു. 2015 മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചിരുന്നു. 103 തവണ ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചിരുന്നു. ചെറുവത്തൂര്‍ സ്വദേശിയാണ് സുനില്‍ കുമാര്‍. കാഞ്ഞങ്ങാട് നെഹറു കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം നിയമബിരുദം നേടി. കാസര്‍കോട് ബാറിലെ അഭിഭാഷകനായ ശേഷമാണ് പൊലീസില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page