ന്യൂഡൽഹി: ചൈനയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സിൻജിയാങ് പ്രദേശമാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഇന്ത്യൻ സമയം രാത്രി 11.29-നാണ് ഷിൻജിയാങ്ങിൽ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്മോളജി റിപ്പോർട്ട്. ഇതിന്റെ പ്രകമ്പനം ഡൽഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 80 കിലോമീറ്ററോളം ഇതിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് വിദഗ്ധര്‍ പറയുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്‌മോളജിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം കസാക്കിസ്ഥാനിലും ഭൂകമ്പം ഉണ്ടായി. ഇതിന്റെ പ്രകമ്പനം തന്നെയാണിത്. 6.7 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് കസാക്കിസ്ഥാന്‍ എമര്‍ജന്‍സീസ് മന്ത്രാലയം അറിയിച്ചു. അതേസമയം കനത്ത മഞ്ഞിനിടെയും കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അല്‍മാറ്റിയിലെ ജനങ്ങള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്കോടി. ഇവര്‍ കൂട്ടത്തോടെ തെരുവില്‍ തന്നെ നില്‍ക്കുകയാണ്. പൈജാമയും മറ്റും ധരിച്ച് ഇവര്‍ തെരുവില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദ്യ ഭൂകമ്പം കഴിഞ്ഞ് മുപ്പത് മിനുട്ടുകള്‍ക്ക് ശേഷമാണിത്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഈ മാസം ഇത് രണ്ടാം തവണയാണ് ഭൂകമ്പമുണ്ടാവുന്നത്. കഴിഞ്ഞ തവണ രാജസ്ഥാനിലും, ജമ്മു കശ്മീരിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.