ബസ് ഓടിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കി. കുഴഞ്ഞുവീണ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടി.എം.പരീത് (49) മരണപ്പെട്ടത്. കൊല്ലം കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി തിരികെ വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ ആയിരുന്നു പരീത്. തുടര്‍ന്ന് ഇദ്ദേഹം ബസ് ഒതുക്കി നിര്‍ത്തുകയായിരുന്നു. കുഴഞ്ഞു വീണ പരീതിനെ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും, അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇദ്ദേഹം മരണപ്പെടുകയുമായിരുന്നു. പരീതിന്റെ മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തി. നിഷയാണ് പരീതിന്റെ ഭാര്യ. മക്കള്‍: മെഹ്റൂഫ്, മെഹ്ഫിര്‍