രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മകളുടെയും മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാര്‍. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. കേസിലെ പ്രതികളെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരാണ്. 2021 ഡിസംബര്‍ 19 നായിരുന്നു വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രണ്‍ജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജീതിന്റെ കൊലപാതകം.
ആറു ബൈക്കുകളില്‍ എത്തിയവര്‍ ആദ്യം രജ്ഞിത്തിനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചുവീഴ്ത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ തള്ളിയിട്ടു കഴുത്തില്‍ കത്തിവച്ചു തടഞ്ഞശേഷമായിരുന്നു രണ്‍ജീതിനെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള ഇളയ മകള്‍ക്കു നേരെയും അക്രമികള്‍ വാള്‍ വീശിയിരുന്നു. പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. വീട്ടിലേക്കുള്ള പ്രധാന വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് അക്രമികകള്‍ എത്തിയത്. ഇവര്‍ വാഹനങ്ങളില്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് ജഡ്ജി വി.ജി ശ്രീദേവി വിധി പുറപ്പെടുവിച്ചത്. നിലവില്‍ മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികള്‍. ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ ആയിരുന്നു കേസിന്റെ അന്വേഷണം. ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിരുന്നു. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് വിധി.