ശബരിമല പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടുമായി യുവതികളെന്ന് വ്യാജപ്രചാരണം; കര്‍ശന നടപടിസ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി

പത്തനംതിട്ട: ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്നതരത്തിലുള്ള സെല്‍ഫി വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിര്‍ദേശപ്രകാരം, ജില്ലാ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ എസ് എച്ച് ഒ ജോബിന്‍ ജോര്‍ജ്ജ് ആണ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജേഷ് എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പേജിലാണ് ഇത്തരത്തില്‍ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ശേഷം വീഡിയോ പ്രത്യക്ഷപ്പെട്ടത്. സൈബര്‍ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇരുമുടിക്കെട്ടുമായി നില്‍ക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പതിനെട്ടാം പടിക്ക് സമീപം സെല്‍ഫി വീഡിയോ ചിത്രീകരിച്ച തരത്തില്‍ വ്യാജമായി നിര്‍മിച്ച വീഡിയോയാണ് ഇയാള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി.
തുടര്‍ന്ന്, മതവികാരം വ്രണപ്പെടുത്തിയതിനും , ശബരിമല വിശ്വാസികളുടെ മനസ്സുകളില്‍ മുറിവുളവാക്കി സമൂഹത്തില്‍ ലഹള സൃഷ്ടിക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും, ഐ ടി നിയമത്തിലെ വകുപ്പും ചേര്‍ത്താണ് കേസെടുത്തത്. വ്യാജവീഡിയോ നിര്‍മിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ യഥാര്‍ത്ഥ ദൃശ്യമെന്ന തരത്തില്‍ പ്രതി പ്രചരിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണെന്നും, ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page