കണ്ണൂരിലെ ഒട്ടക പുറത്തേറിയുള്ള വിവാഹ ഘോഷയാത്ര; ആഭാസത്തരമാണെന്ന് മഹല്ല് കമ്മിറ്റി

കണ്ണൂര്‍: കണ്ണൂര്‍ വാരം ചതുര കിണറില്‍ വിവാഹ ഘോഷത്തിന്റെ വരന്‍ ഒട്ടക പുറത്തെത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി മഹല്ല് കമ്മിറ്റി പ്രസിഡന്റ് രംഗത്തെത്തി. വാരത്ത് നടന്നത് വിവാഹ ഘോഷമല്ല ആഭാസത്തരമാണ് നടന്നതെന്നും വരനും കൂട്ടാളികളും നടത്തിയത് കോമാളിത്തരമാണെന്നും മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെപി താഹിര്‍ പറഞ്ഞു. വിശ്വാസപരമായുള്ള ആഘോഷങ്ങളും ഘോഷയാത്രകളും നടത്തിയാല്‍ പോലും വഴി തടയാന്‍ പാടില്ല. മട്ടന്നൂര്‍ വിമാന താവള റോഡില്‍ പള്ളിയില്‍ നിന്ന് അര കിലോമീറ്റര്‍ മുന്‍പിലാണ് വരനെ ഒട്ടകപ്പുറത്ത് കയറ്റി കൊണ്ടുവന്നത്. ഇത് വലിയ ഗതാഗത തടസത്തിന് കാരണമായി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി. ആംബുലന്‍സില്‍ സഞ്ചരിച്ച രോഗികള്‍ക്കും വിമാനത്താവളം റോഡിലെ യാത്രക്കാര്‍ക്കും തടസമുണ്ടാക്കി. ഇതൊന്നും വിശ്വാസപരമായി ശരിയല്ല. ആഡംബരത്തില്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റൊന്നുമില്ല. അതിനൊക്കെ ഒരു പരിധിയുണ്ട്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ തെറ്റായ സന്ദേശം പൊതുസമൂഹത്തിലേക്ക് പോകുമെന്നും താഹിര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാദമായ വിവാഹ ഘോഷയാത്ര നടന്നത്. ഘോഷയാത്ര ഗതാഗതം മുടക്കി അതിരുവിട്ടതോടെ വരന്‍ വളപട്ടണം സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ വിമാന താവളപാതയിലെ ഗതാഗതമാണ് തടസപ്പെടുത്തിയത്. ഒട്ടകപ്പുറത്തേറി വരനും പിറകെ മേളവും പടക്കം പൊട്ടിക്കലുമായി സുഹൃത്തുക്കളും അണിചേര്‍ന്നിരുന്നു. ഇതോടെ വിമാനത്താവളത്തിലേക്കുളള സംസ്ഥാന പാത ആകെ ഗതാഗത കുരുക്കിലായി. ഇതു കാരണം നിരവധി യാത്രക്കാരാണ് വഴിയില്‍ കുടുങ്ങിയത്. ഒരു മണിക്കൂറോളം പെട്ടുപോയ യാത്രക്കാര്‍ ഒടുവില്‍ പൊലീസിനെ വിളിച്ചു. പൊലീസെത്തി വരനെ താഴെയിറക്കി ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. വിവാഹ വേദിയില്‍ കയറും മുന്‍പെ വരന്റെയും സുഹൃത്തുക്കളുടെയും പേരും വിലാസവും എഴുതിയെടുത്താണ് ചക്കരക്കല്‍ പൊലീസ് വിട്ടയച്ചത് പരിധി വിട്ട വിവാഹമേളം വൈറലായതോടെയാണ് രണ്ട് ദിവസം കഴിഞ്ഞ് പൊലീസ് സ്വമേധയാ കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. വഴിമുടക്കിയുളള വിവാഹ ഘോഷയാത്രയുടെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page