മുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തു കൊണ്ടുപോയി

കാസർകോട്: അയൽവീടിൻ്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവു നായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേൽപിച്ചു. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നുപോയി. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തി മുക്കിന് സമീപത്തെ ഫാബിനയുടെയും സുലൈമാന്റെയും മകൻ ബഷീറിനെയാണ് നായ്ക്കൾ ആക്രമിച്ചത്. തലയ്ക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അയൽവാസിയുടെ വീട്ടിൽ ജന്മദിന ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുട്ടി.
പരിപാടിക്കിടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവു നായ്ക്കുട്ടം ആക്രമിച്ചത്. നായ്ക്കളിലൊന്ന് പൂച്ചയെ കടിച്ചെടുക്കുന്നതു പോലെ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി ദൃക്സാക്ഷിയായ അയൽവാസി പറയുന്നു. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page