8 ദിവസത്തിനു ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി; ആഹ്ളാദത്തോടെ സ്വീകരിച്ച് പ്രവർത്തകർ

കൊച്ചി: എട്ടു ദിവസത്തെ ജയിൽവാസത്തിന് ശേഷം യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. നാലു കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്നത്. ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.
കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘർഷ കേസിലും ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു. ഇന്ന് വൈകിട്ട് സിജെഎം കോടതിയാണ് ഒടുവിലത്തെ ജാമ്യം അനുവദിച്ചത്.
യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയും ഡിജിപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്‍റെ പേരിലുള്ള കേസില്‍ സിജിഎം കോടതിയുമാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നിങ്ങനെയാണ് കോടതി നിര്‍ദേശിച്ച ഉപാധികള്‍.
എത്രയൊക്കെ ജയിലിൽ അടച്ചാലും തല്ലിയൊതുക്കിയാലും പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു. എന്റെ അമ്മ അടക്കം മുഴുവൻ അമ്മമാർക്കും മലയാളികൾക്കും നന്ദി. ഈ നാട് വാഴുന്ന രാജാവ് എന്ന് വിചാരിക്കുന്ന പിണറായി വിജയനോട് പറയാനുളളത് കിരീടം താഴെ വെക്കുക, ജനങ്ങൾ പിന്നാലെയുണ്ട് എന്നാണെന്നും രാഹുൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page