ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് ശ്രേയസ് മോഹൻ താലിചാര്‍ത്തി.ഗുരുവായൂര്‍ ക്ഷേത്രനടയില്‍ തീര്‍ത്തും ലളിതമായാണ് താലിചാര്‍ത്തല്‍ നടന്നത്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിര. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, ഭാര്യ പാർവതി, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരയാണ് ക്ഷേത്രത്തിലെത്തിയത്. പുലര്‍ച്ചെതന്നെ താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂരിലെത്തിയിരുന്നു. 8.45നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്. ഓറഞ്ച് നിറത്തിലുള്ള സാരിയണിഞ്ഞ് അതി സുന്ദരിയായാണ് അച്ഛന്റെ കൈപിടിച്ച് ഭാഗ്യ വേദിയിലെത്തിയത്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ശ്രേയസ് ഭാഗ്യയുടെ കഴുത്തിൽ മിന്നു ചാർത്തി. തുടർന്ന് പ്രധാനമന്ത്രി വധൂവരന്മാർക്ക് വരണമാല്യം എടുത്ത് നൽകി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമാണ് ശ്രേയസ് മോഹൻ . ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്ര ദർശന ശേഷം താമര കൊണ്ട് തുലാഭാരം നടത്തി. അതിന് ശേഷം ക്ഷേത്രത്തിൽ വിവാഹിതരായ മറ്റ് നവദമ്പതികളെയും ആശിർവദിച്ചു. പ്രധാനമന്ത്രിയെ പ്രത്യേക സ്വർണ തളിക നൽകികൊണ്ടാണ് സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. കേരളീയ വേഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം. തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ് കുമാറാണ് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ അനുഗമിച്ചത്.