എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു

എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് തൃപ്പൂണിത്തുറയില്‍. 1940 മെയ് 1ന് മലപ്പുറം ജില്ലയില്‍ വെള്ളക്കാട്ടുമനയിലാണ് ജനിച്ചത്. ഗൗരി അന്തര്‍ജനം, നാരായണന്‍ ഭട്ടതിരിപ്പാട് എന്നിവരുടെ മകളാണ്.
കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാളസാഹിത്യത്തിനു നല്‍കിയിരുന്നു. നമ്പൂതിരി സമുദായത്തിലെ സ്ത്രീ ജീവിതത്തെക്കുറിച്ചായിരുന്നു ശ്രീദേവി കൂടുതലും എഴുതിയത്. സമുദായത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാതെതന്നെ മികച്ച രചനകള്‍ നടത്താനും എഴുത്തുകാരിക്ക് സാധിച്ചു.
വണ്ടൂര്‍ വിഎംസി ഹൈസ്‌കൂള്‍, തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂള്‍, വരവൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൂന്നുവര്‍ഷം നരവത്ത് ദേവകിയമ്മയുടെ കീഴില്‍ വീണ അഭ്യസിച്ചു. പതിനാറാം വയസ്സില്‍ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിനെ വിവാഹം ചെയ്തു.
യജ്ഞം, അഗ്‌നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചില്‍, കുട്ടിത്തിരുമേനി എന്നിവ പ്രധാന കൃതികളാണ്. സാഹിത്യ അക്കാദമി അവാര്‍ഡ്, ‘നിറമാല’ കഥയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കുങ്കുമം അവാര്‍ഡ്, നാലപ്പാടന്‍ നാരായണ മേനോന്‍ അവാര്‍ഡ്, വി ടി അവാര്‍ഡ്, ജ്ഞാനപ്പാന അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്‌കാരം എന്നിവ എഴുത്തുകാരിയെ തേടിയെത്തി. ‘യജ്ഞം’ നോവലിന് അതേപേരില്‍ ചെറുമകള്‍ കെ രഞ്ജന ദൃശ്യഭാഷ്യമൊരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page