അയോധ്യാ മസ്ജിദ് നിർമ്മാണം; രാമക്ഷേത്ര മാതൃകയിൽ ധനസമാഹരണ യജ്ഞം ഉടൻ ആരംഭിക്കും; പുതിയ പള്ളിയുടെ സവിശേഷതകൾ അറിയാം

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് വലിയ തോതിലുള്ള ഒരുക്കങ്ങൾക്കിടയിൽ, ധന്നിപൂർ ഗ്രാമത്തിൽ നിർദിഷ്ട മസ്ജിദ് പണിയാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഇൻഡോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) ഇപ്പോൾ മറ്റൊരു മസ്ജിദ് നിര്‍മ്മാണ പാത തിരഞ്ഞെടുക്കും എന്ന് അറിയിച്ചു.

2019 ലെ സുപ്രധാനമായ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ, രാമക്ഷേത്രം പണിയാൻ ഉത്തരവിടുന്നതിനൊപ്പം ധന്നിപൂരിൽ പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കർ ഭൂമി അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ ഫണ്ടിന്റെ അഭാവവും ഭരണപരമായ കാലതാമസവും കാരണം ധന്നിപൂരിൽ മസ്ജിദ് പണിയുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ മസ്ജിദ് നിർമിക്കുന്നതിനായി രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള ധനസമാഹരണ യജ്ഞം ഉടൻ ആരംഭിക്കുമെന്ന് ഐ.ഐ.സി.എഫ് അറിയിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ നിയോഗിച്ച മസ്ജിദ് വികസന സമിതിയുടെ പുതിയ തലവൻ ഹാജി അറഫാത്ത് ഷെയ്ഖ് പുതിയ പള്ളിയുടെ വികസനത്തിന് ചുക്കാൻ പിടിക്കും. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവാണ് ഷെയ്ഖ്. അയോധ്യയിലെ മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചതായി ഐ.ഐ.സി.എഫ് പ്രസിഡന്റ് സഫർ അഹമ്മദ് ഫാറൂഖ് അറിയിച്ചു. എന്നാൽ ആദ്യം നിര്‍ദേശിച്ച മസ്ജിദ്-ഇ-അയോധ്യ എന്ന പേര് ഷെയ്ഖ് എതിർക്കുകയും അത് മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്ന് മാറ്റുകയും ചെയ്തു.

പുതിയ പള്ളിയുടെ സവിശേഷതകൾ

4,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ തയ്യാറാക്കിയ പദ്ധതിയിൽ ആശുപത്രി, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി, റിസർച്ച് സെന്റർ എന്നിവയും പള്ളിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് നിർമ്മിക്കാനാണ് ഫൗണ്ടേഷൻ ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ (21 അടി) പള്ളിയിൽ ഉണ്ടാകും. അഞ്ച് മിനാരങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ മസ്ജിദ് കൂടിയാണിത്. ആസാൻ വേളയിൽ ജല-വെളിച്ച പ്രദർശനം സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാകും.

വൈകുന്നേരങ്ങളിൽ സ്വയമേവ വിളക്കുകൾ തെളിയുകയും രാവിലെ അണയുകയും ചെയ്യുന്ന വിധത്തിലായിരിക്കും മസ്ജിദിലെ വെളിച്ച ക്രമീകരണം. ദുബായിലെ അക്വേറിയം പോലെയുള്ള കൂറ്റൻ അക്വേറിയം ജനങ്ങൾക്കായി പള്ളിയിൽ ഉണ്ടാകും. മെഡിക്കൽ കോളേജ്, കാൻസർ ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ എന്നിവയുൾപ്പെടെ പ്രദേശവാസികൾക്കുള്ള സൗകര്യങ്ങളും മസ്ജിദ് പരിസരത്ത് ഉണ്ടായിരിക്കും.

2019 നവംബറിലെ ഉത്തരവിലാണ്, രാമക്ഷേത്രം പണിയാന്‍ സുപ്രിം കോടതി അനുവദിച്ചത്. 2020 ഫെബ്രുവരിയിലാണ്, അയോധ്യയുടെ മധ്യഭാഗത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള ധന്നിപൂരിൽ പള്ളി പണിയാൻ അഞ്ച് ഏക്കർ ഭൂമി മാറ്റിവെച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page