‘കാലിക്കറ്റി’ൽ മാർക്ക്‌ ദാനം തുടർക്കഥ;SFI നേതാക്കന്മാർക്കുള്ള മാർക്ക്‌ ദാനം റദ്ദാക്കാൻ ഗവർണർക്ക് നിവേദനം

കോഴിക്കോട്:എസ്എഫ്ഐ നേതാക്കൾക്ക് മാർക്ക് കൂട്ടി കൊടുക്കുന്നത് ‘കാലിക്കറ്റ് സർവ്വകലാശാലയിൽ തുടർക്കഥയാകുന്നു.
2009 ൽ സർവ്വകലാശാലയുടെ വിമൻസ് സ്റ്റഡീസ് എം.എ കോഴ്സിന് പഠിച്ചിരുന്ന SFI സംസ്ഥാന നേതാവായിരുന്ന കെ. ഡയാനയ്ക്ക് പത്തുവർഷം കഴിഞ്ഞ് ഇന്റെണൽ പരീക്ഷയിൽ 21 മാർക്ക് അധികവുമായി നൽകിയത് വിവാദമായതിന് സമാനമായാണ് ഇപ്പോൾ പൂജ്യം മാർക്ക് ലഭിച്ച  മറ്റൊരു എസ്എഫ്ഐ നേതാവായ കെ. ആകാശിന് ഇന്റെർണൽ പരീക്ഷയിൽ ആറ് മാർക്ക് കൂട്ടിക്കൊടുത്ത് BSc പരീക്ഷ ജയിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.അക്കാദമിക് കൗൺസിലിന്റെ റെഗുലേഷന് വിരുദ്ധമായാണ്  ഇന്റെണൽ മാർക്ക് കൂട്ടി നൽകിയതെന്ന് ആദ്യമാർക്ക്‌ ദാനം സംബന്ധിച്ച ചോദ്യത്തിന് നിയമസഭയ്ക്ക് സർവ്വകലാശാല മറുപടി നൽകിയിരുന്നു.
ഇപ്പോൾ എസ്എഫ്ഐയുടെ മറ്റൊരു നേതാവിന് ആറു മാർക്ക് കൂട്ടിനൽകി വിജയിപ്പിച്ചതും സർവകലാശാല റെഗുലേഷന് വിരുദ്ധമാണ്.
സർവകലാശാല സിൻഡിക്കേറ്റ് പരിശോധിച്ചു തള്ളിക്കളഞ്ഞ മാർക്ക്‌ ദാന അപേക്ഷയാണ് ഇപ്പോൾ നിലവിലിരിക്കുന്ന നോമിനേറ്റഡ് സിൻഡിക്കേറ്റ് അനധികൃതമായി അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിലിനല്ലാതെ, കോളേജ് പ്രശ്ന പരിഹാര സമിതിക്കോ സിൻഡിക്കേറ്റിനോ റെഗുലേഷനിൽ ഇളവ് അനുവദിക്കാൻ അധികാരമില്ല. ചട്ട വിരുദ്ധ നടപടികൾ തടയാൻ ബാധ്യസ്ഥനായ വിസി മാർക്ക് തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുകയാണ്. അനധികൃതമായി നൽകിയ മാർക്കുകൾ റദ്ദാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട്  സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page