സംഗീത സംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു

ചെന്നൈ: എണ്‍പതുകളില്‍ മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകള്‍ സംഭാവന ചെയ്‌ത പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. തൃശൂര്‍ ജില്ലയിലെ നെല്ലിക്കുന്നില്‍ 1946 ജൂണ്‍ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 200 ഓളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.വിവിധ സംഗീത സംവിധായകര്‍ക്കായി 500 ലധികം ചിത്രങ്ങളില്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1975 ല്‍ പുറത്തിറങ്ങിയ “ലൗ ലെറ്റര്‍” എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. ഏറെ ഹിറ്റായ ‘എൻ സ്വരം പൂവിടും ഗാനമേ’ എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി. ബുധനാഴ്‌ച ചെന്നൈയിലായിരിക്കും അദ്ദേഹത്തിന്റെ സംസ്‌കാരം. കുറച്ചുനാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. പള്ളി ക്വയറില്‍ വയലിൻ വായിച്ചാണ് ജോയ് സംഗീതരംഗത്തേക്കുള്ള തന്റെ കടന്നുവരവ് നടത്തിയത്. പതിനെട്ടാം വയസില്‍ പ്രശസ്‌ത സംഗീതസംവിധായകൻ എം.എസ് വിശ്വനാഥന്റെ ഓര്‍ക്കസ്‌ട്രയില്‍ അംഗമായി. പന്ത്രണ്ടോളം ഹിന്ദി സിനിമകള്‍ക്കും ജോയ് സംഗീത സംവിധാനം ചെയ്‌തു. ലൗ ലെറ്റര്‍, ചന്ദനച്ചോല, ആരാധന, ഇവനെന്റെ പ്രിയപുത്രൻ, അഹല്യ, ലിസ, മുക്കവനെ സ്നേഹിച്ച ഭൂതം, അനുപല്ലവി, സ‌ര്‍പ്പം, തരംഗം, ശക്തി, ചന്ദ്രഹാസം, മകരവിളക്ക്, മനുഷ്യമൃഗം, മുത്തുച്ചിപ്പികള്‍, ഇതിഹാസം, കരിമ്പൂച്ച,രാജവെമ്പാല, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം സംഗീതം പകര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page