കണ്ണൂര്‍: തൊടുപുഴ ന്യുമാന്‍സ് കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ ശേഷം മഴു അടക്കമുള്ള ആയുധവുമായാണ് സവാദ് പിന്നിട് ഒളിവില്‍ പോയത്. പിന്നീട് കണ്ണൂര്‍ മട്ടന്നൂര്‍ പരിയാരത്തെ ബേരയില്‍ താമസിച്ചു വരികയായിരുന്നു. ലോക്കല്‍ പൊലീസു പോലും അറിയാതെയാണ് ഇവിടെ ഇവിടെ ഒളിവില്‍ താമസിച്ചത്. അയല്‍വാസികളുമായി യാതൊരു ബന്ധവും പുലര്‍ത്തിയില്ല. കഴിഞ്ഞ 13 വര്‍ഷത്തിനിടെ സവാദ് നയിച്ചത് ദുരൂഹത നിറഞ്ഞ ജീവിതം. എട്ട് വര്‍ഷം മുന്‍പാണ് കാസര്‍കോട് സ്വദേശിനിയായ യുവതിയുമായി സവാദ് വിവാഹിതനായത്. ആള്‍മാറാട്ടത്തിലൂടെ ഷാജഹാനെന്ന പേര്‍ സ്വീകരിച്ചാണ് വിവാഹം കഴിച്ചത്. അതേസമയം സവാദ് കൈവെട്ട് കേസ് പ്രതിയാണെന്ന് അറിഞ്ഞത് ടിവിയില്‍ വാര്‍ത്ത കണ്ടപ്പോഴാണെന്ന് ഭാര്യാ പിതാവ് അബ്ദുല്‍ റഹ്‌മാന്‍. പ്രതികരിച്ചു. കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ ആണെന്ന് പറഞ്ഞാണ് മകളെ വിവാഹം കഴിച്ചതെന്ന് അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. വിവാഹ സമയത്ത് പള്ളിയില്‍ പറഞ്ഞ പേരും ഷാജഹാന്‍ എന്നാണ്. തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്നും അബ്ദുല്‍ റഹ്‌മാന്‍ പറയുന്നു. ഉള്ളാള്‍ ദര്‍ഗയില്‍ വെച്ചാണ് സവാദിനെ പരിചയപ്പെടുന്നത്. നല്ല ചെറുപ്പക്കാരനാണെന്ന് തോന്നിയത് കൊണ്ടാണ് മകളെ വിവാഹം കഴിച്ച് നല്‍കുകയായിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പെരുമ്പാവൂര്‍ സ്വദേശി സാവാദ് ഒളിവില്‍ താമസിച്ചത് പാര്‍ട്ടി ഗ്രാമത്തില്‍ അല്ലെന്ന വാദവുമായി സി.പി.എം പ്രദേശിക നേതൃത്വം രംഗത്തെത്തി. സാവാദ് കഴിഞ്ഞത് മട്ടന്നൂര്‍ നഗരസഭയിലാണെങ്കിലും എസ്.ഡി.പി.ഐ സ്വാധീന കേന്ദ്രമാണ് ബേര. മാത്രമല്ല അവിടെ വാര്‍ഡ് മെമ്പര്‍ മുസ്ലിംലീഗ് പ്രതിനിധിയാണ്. 13 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതിയായ സാവാദിന്റെ ഫോട്ടോ കണ്ട ഓര്‍മ്മ മാത്രമാണ് പലര്‍ക്കുമുള്ളത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം മാത്രമാണ് ഇയാള്‍ നടന്നതെന്നതിനാല്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും സി.പി.എം പ്രാദേശികനേതൃത്വം പറയുന്നു.
13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാന്‍സ് കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിമാറ്റിയത്.
2011 ലാണ് കൈവെട്ട് കേസ് എന്‍ഐഎ ഏറ്റെടുത്തത്. എന്നാല്‍ ഒന്നാം പ്രതിയെ കണ്ടെത്താന്‍ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇനാം 10 ലക്ഷമാക്കി ഉയര്‍ത്തി തെരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൈവെട്ട് കേസില്‍ 31 പ്രതികളെ ഉള്‍പ്പെടുത്തി 2015 എന്‍ഐഎ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ രണ്ടാം ഘട്ട വിചാരണ പൂര്‍ത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എന്‍ഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വര്‍ഷം ഒളിവില്‍ കഴിയാന്‍ സഹായം ചെയതവര്‍ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എന്‍ഐഎ അന്വേഷിക്കുന്നത്.