നാലു വയസ്സുകാരനെ മാതാവ് കൊലപ്പെടുത്തിയത് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്; കൊലയ്ക്ക് ശേഷം ആത്മഹത്യക്കും ശ്രമിച്ചു; സ്റ്റാർട്ടപ്പ് സിഇഒ സുചനയെ ആറുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

ബംഗളൂരു: നാലുവയസുകാരനായ മകനെ കൊന്ന സംഭവത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അപ്പാർട്ട്മെന്‍റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്‍സി റിപ്പോർട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമർത്തിയത്. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോൾ പരിഭ്രാന്തയായി, അപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സുചനയുടെ മൊഴി. ഭർത്താവും കുടുംബവും കുഞ്ഞിനെ കാണാനെത്തുന്നത് ഒഴിവാക്കാനാണ് ഗോവയ്ക്ക് പോയതെന്നും സുചന മൊഴി നൽകിയിട്ടുണ്ട്.
അതേസമയം സ്റ്റാർട്ടപ്പ് സിഇഒ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് പറയുന്നു. കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാ‍ർട്ട്മെന്‍റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയിൽ മുറിവുകൾ ഉണ്ടെന്നും മകൻ മരിച്ച ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സുചന മൊഴി നൽകിയെന്നും പൊലീസ് വിശ​ദീകരിക്കുന്നു. പൊലീസ് വിവരത്തെ തുടർന്ന് സുചനയുടെ ഭർത്താവ് വെങ്കട്ട് ഇന്ത്യയിലെത്തി. ചിത്രദുർഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്‍റെ മൃതദേഹം കണ്ടു.
കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സുചന. ഇവരുടെ വിവാഹമോചനക്കേസ് അതിന്‍റെ അന്തിമഘട്ടത്തിലാണ്. അതേസമയം കുട്ടിയെ കൊല്ലാനുദ്ദേശിച്ചിരുന്നില്ലെന്ന് സുചനയുടെ മൊഴിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അപ്പാർട്ട്‌മെന്റിൽ തന്റെ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബെംഗളൂരു ആസ്ഥാനമായുള്ള എഐ കമ്പനിയുടെ സിഇഒയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page