ധാക്ക: സംഘര്‍ഷത്തിനിടയില്‍ ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പാരംഭിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗാണ് പ്രചരണ രംഗത്തു മുന്നിട്ടു നിന്നത്. ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളായ ചെറിയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. മിക്ക മണ്ഡലങ്ങളും അവാമി ലീഗിന്റെ മുഖ്യ എതിരാളികള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. അവര്‍ അവാമി ലീഗിന്റെ ബിനാമികളാണെന്നു ബി എന്‍ പി നേതാവ് ഖലീദ സിയ ആരോപിച്ചു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ഇവര്‍ വീട്ടു തടങ്കലിലാണ്. 300 പാര്‍ലമെന്റ് സീറ്റുകളിലേക്ക് 170 ദശലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുക. തുടര്‍ച്ചയായി നാലു തവണ അധികാരമേറ്റ അവാമി ലീഗ് അഞ്ചാം തവണയും അധികാരത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ടു തവണ ഷേക് ഹസീനയായിരുന്നു പ്രധാന മന്ത്രി. ഷേക് ഹസീനയുടെ നിയന്ത്രണത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പു നടക്കില്ലെന്നും ഹസീന രാജിവച്ച് നിഷ്പക്ഷമായ താല്‍ക്കാലിക ഭരണ കൂടത്തിന്റെ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പു നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം വോട്ടെടുപ്പു ബഹിഷ്‌ക്കരിക്കുന്നത്. വോട്ടെടുപ്പിനെത്തുടര്‍ന്ന് ഇന്നു തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. നാളെ രാവിലെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു തുടങ്ങും. തിരഞ്ഞെടുപ്പിനു മുന്നോടിയായി 14 പോളിംഗ് ബൂത്തുകളും രണ്ടു സ്‌കൂളുകളും തീവച്ചു നശിപ്പിച്ചു. 10 ജില്ലകളില്‍ അക്രമവും സംഘര്‍ഷും തുടരുന്നുണ്ട്.







