കണ്ണൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച മൂന്ന് കവര്‍ച്ചക്കാര്‍ക്ക് തടവും പിഴയും. ജോസ്ഗിരി ആലക്കോട് സ്വദേശി സന്ദീപ്, തമിഴ്‌നാട് സേലം കടപ്പയൂര്‍ സ്വദേശി സഭാപതി, സേലം മേലൂരിലെ സെല്‍വരാജ്, എന്നിവരെയാണ് വിവിധ വകുപ്പുകളില്‍ 27 വര്‍ഷത്തെ കഠിന തടവിനും പതിനായിരം രൂപ വീതം പിടയടക്കാനും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കെ.ടി.നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. ചെറുപുഴ തിമിരി ബോംബെ മുക്കിലെ പനിയാരിക്കല്‍ ബ്രിജിത്ത(70) യാണ് പ്രതികളുടെ അതിക്രമത്തിനിരയായത്. 2014 ജൂലായ് 13 ന് രാത്രി ഏഴരയോടെയാണ് സംഭവം. വീടിനകത്തായിരുന്ന ബ്രിജിത്ത നായകള്‍ കുരയ്ക്കുന്നത് കേട്ട് വീട്ടിന്റെ മുകള്‍നിലയില്‍ കയറി നോക്കുന്നതിനിടയില്‍ പ്രതികളുടെ പിടിയില്‍ പെടുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധയെ കൈകാല്‍ കെട്ടി ആഭരണങ്ങള്‍ ബലമായി അഴിച്ചെടുത്തു. വീട്ടിനകത്ത് കയറി അലമാര തുറന്ന് അതിനുള്ളില്‍ സൂക്ഷിച്ച ആഭരണങ്ങളും പണവും എടുത്തു ആകെ 30 പവന്‍ ആഭരണങ്ങളും 60,000 രൂപയുമടക്കംനഷ്ടപ്പെട്ടിരുന്നു. പ്രതികള്‍ സ്ഥലം വിട്ടതിന് ശേഷം ഏതാണ്ട് പുലര്‍ച്ചെയോടെയാണ് ബ്രിജിത്തക്ക് രക്ഷപ്പെടാനായത്. ബഹളം കൂട്ടിയതിനെ തുടര്‍ന്ന് എത്തിയ പരിസരവാസികളാണ് പൊലീസില്‍ വിവരം നല്‍കിയത്. ആകെയുള്ള അഞ്ച് പ്രതികളില്‍ സാജ് പി.ജെയിംസ്, സിദ്ധ രാജ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. ആലക്കോട് സി.ഐയായിരുന്ന പി.കെ.സുധാകരനാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്കുമാര്‍ ഹാജരായി.