കെ.സുധാകരന് ആരോഗ്യപ്രശ്‌നങ്ങളും വിവാദ പ്രസ്താവനകളും തിരിച്ചടിയാകുന്നു; പാര്‍ട്ടിക്കുള്ളില്‍ നിന്നും വെല്ലുവിളികള്‍

കണ്ണൂര്‍: തീപ്പൊരി നേതാവായ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് പാര്‍ട്ടിയില്‍ പിടി അയയുന്നുവോയെന്ന ചര്‍ച്ച കോണ്‍ഗ്രസ്സില്‍ നിന്നുയരുന്നു. രാജ്യമെങ്ങും വിദേശത്തും ആരാധാകരുള്ള നേതാവാണെങ്കിലും കഴിഞ്ഞ കുറെക്കാലമായി തൊട്ടതെല്ലാം പിഴച്ച കെ.പി.സി.സി അധ്യക്ഷനായാണ് കെ.സുധാകരനെ പാര്‍ട്ടി വൃത്തങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സംഘ്പരിവാര്‍ അനുകൂല വിവാദ പ്രസ്താവനകളാണ് കെ.സുധാകരനെ വെട്ടിലാക്കുന്നത്. ഇതു കൂടാതെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റവും അടിതെറ്റിച്ചു. എ ഗ്രൂപ്പ് ദുര്‍ബലമായതോടെ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിന്റെ കേരള രാഷ്ട്രീയത്തിലുള്ള ഇടപെടലുകളും കെ.സുധാകരനെ നിര്‍വീര്യമാക്കുകയാണ്. അണികളില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയാണ് കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് കെ.സുധാകരന്റെ കൈയ്യില്‍ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കാനായി ഹൈക്കമാന്‍ഡ് കടിഞ്ഞാണ്‍ ഏല്‍പ്പിച്ചത്. തുടക്കം ഗംഭീരമാക്കിയിരുന്നുവെങ്കിലും മണ്ഡലം കമ്മിറ്റികളുടെ വീതം വയ്പ്പ്, സംഘടനാ തെരെഞ്ഞെടുപ്പ് ഇതൊക്കെ കെ.പി.സി.സി അധ്യക്ഷനു മുന്‍പില്‍ കീറാമുട്ടിയായി മാറുകയായിരുന്നു. പാര്‍ട്ടിയെ ശക്തി പെടുത്താനായി അടിത്തട്ടിലെ ഘടകമായ സി.യു.സി (കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി) രൂപീകരിക്കാനുള്ള ശ്രമം സുധാകരന്‍ നടത്തിയിരുന്നുവെങ്കിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒഴിച്ചു മറ്റിടങ്ങളില്‍ വിജയം കണ്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് ഒത്ത എതിരാളിയെന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപിച്ചിരുന്ന കെ.സുധാകരന്‍ വാക് പോരില്‍ മുന്നിട്ടുനിന്നുവെങ്കിലും സംഘടനാ സംവിധാനം മുന്‍പോട്ടു കൊണ്ടുപോകുന്നതിലും ഗ്രൂപ്പിനതീതമായ കൂട്ടായ്മ കോണ്‍ഗ്രസില്‍ കൊണ്ടുവരുന്നതിലും പരാജയപ്പട്ടുവെന്നാണ് വിലയിരുത്തല്‍. ആരോഗ്യപരമായ കാരണങ്ങളും കെ.സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ മങ്ങാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തൊണ്ടയുടെ വോക്കല്‍ കോര്‍ഡിനുള്ള അസുഖവും വലതുകാലിലെ പേശിവലിവും കാരണം സുധാകരന് കടുത്ത അവശതകള്‍ നേരിടുന്നുണ്ട്. കൊവിഡാനന്തര അസുഖങ്ങളുടെ പിടിയിലായ അദ്ദേഹം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതു തന്നെ ഏറെ പ്രയാസപെട്ടിട്ടാണ്. ഇതുകാരണം പാര്‍ട്ടി പരിപാടികളും പ്രതിഷേധ പരിപാടികളും കുറച്ചിരിക്കുകയാണ് കെ.സുധാകരന്‍. ഇതിനെ തുടര്‍ന്നാണ് സുധാകരന്റെ ആരോഗ്യ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നത്. രാഹുലിന്റെ നിര്‍ബന്ധ പ്രകാരാണ് കെ.സുധാകരന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്. ജനുവരി 22 ന് മാത്രമേ അദ്ദേഹം തിരിച്ചു വരികയുള്ളു. ഇതിനു ശേഷം കോണ്‍ഗ്രസ് നടത്തുന്ന സംസ്ഥാന പദയാത്രയ്ക്ക് നേതൃത്വം നല്‍കും. സുധാകരന് പകരം കെ.പി.സി.സി അധ്യക്ഷന്റെ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. കെ.പി.സി.സി വൈസ് പ്രസിഡന്റുമാര്‍ കൂട്ടായി പാര്‍ട്ടിയെ നയിക്കുമെന്നാണ് വിവരം. എഴുപതു പിന്നിട്ട കെ.സുധാകരന്റെ തളര്‍ച്ച അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരെ വേവലാതിയിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്തിന് വിരാമമിട്ടു കൊണ്ടു കെ.സുധാകരന്‍ അതിവേഗം തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.സുധാകരന്‍ സി.പി.എം വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നും അല്‍പം പുറകോട്ടു പോയപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാസ് ഡയലോഗുകളുമായി കളം നിറയുകയാണ്. പാര്‍ട്ടിയില്‍ മാത്രമല്ല പൊതുസമൂഹത്തിലും പിണറായി വിജയന്‍ വിജയന്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും എതിര്‍ക്കുന്ന നേതാവ് എന്ന ഇമേജാണ് വി.ഡി. സൃഷ്ടിക്കുന്നത്. ഇതു പാര്‍ട്ടിക്കുള്ളിലും പുറത്തും കെ.സുധാകരന്‍ നേരിടുന്ന കടുത്ത വെല്ലുവിളികളിലൊന്നാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page