വാഹനമിടിച്ച് മരിച്ച വയോധികയുടെ ശരീരത്തിൽ നിരവധി വാഹനങ്ങൾ കയറിയിറങ്ങി; ദാരുണ സംഭവം പാലക്കാട്; ആദ്യം ഇടിച്ച ബസ് തേടി പൊലീസ്

പാലക്കാട്:ദേശീയപാതയില്‍ വാഹനമിടിച്ചു മരിച്ച വയോധികയുടെ മൃതദേഹത്തിൽ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി.കണ്ണാടി മണലൂര്‍ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ പുലര്‍ച്ചെ 1.45നാണ് ദാരുണ സംഭവം നടന്നത്. കണ്ണാടി മണലൂര്‍ പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നുക്കുട്ടിയാണു (85) മരിച്ചത്. സംഭവം പുറത്തറിഞ്ഞതാവട്ടെ എട്ടു മണിക്കൂറിന് ശേഷം.റോഡ് മുറിച്ച്‌ കടക്കാൻ ശ്രമിക്കവെ ഒരു ബസാണ് വയോധികയെ ആദ്യം ഇടിച്ചതെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. പിന്നീട് പിന്നാലെ വന്ന വാഹനങ്ങളെല്ലാം കയറി ശരീരം ചതഞ്ഞരഞ്ഞ് പോവുകയായിരുന്നു. അതുവഴി പോയ ദേശീയപാതാ മെയിന്റനൻസ് ജീവനക്കാര്‍ മനുഷ്യശരീരമാണെന്നു പോലും മനസ്സിലാകാതെ മൃതദേഹാവശിഷ്ടങ്ങള്‍ രാവിലെ 9.30ന് റോഡരികിലേക്കു മാറ്റിയിട്ടിരുന്നു. പിന്നീട് പഞ്ചായത്ത് അംഗം കെ.എസ്.അനീഷും പരിസരവാസികളും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പൊന്നുക്കുട്ടിയുടെ (85) മൃതദേഹമാണെന്നു സംശയം ഉയര്‍ന്നത്.

ദേശിയപാതയില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെയാണ് പൊന്നുക്കുട്ടിയുടെ താമസം.മകൻ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കറുപ്പു മുണ്ട്, തലമുടി, കഴുത്തിലെ കറുപ്പു ചരട്, ചെമ്പു മോതിരം എന്നിവയാണു തിരിച്ചറിയാൻ സഹായകരമായത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നു ബന്ധുക്കള്‍ പറഞ്ഞു.

ചില ദിവസങ്ങളില്‍ പരിസരപ്രദേശങ്ങളിലെ ബന്ധുവീടുകളില്‍ താമസിക്കാറുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.ഇടിച്ച ബസ് കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്. സംസ്‌കാരം നടത്തി. മക്കള്‍: കലാധരൻ, കാഞ്ചന, പരേതയായ കലാവതി. മരുമക്കള്‍: കുഞ്ഞിലക്ഷ്മി, കണ്ണൻ (കുഞ്ഞുമുരുകൻ), വിജയൻ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page