കൊവിഡിന്റെ പുതിയ വകഭേദം; 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മറ്റ് അസുഖങ്ങളുമുള്ളവരും മാസ്‌ക് ധരിക്കണം

കേരളത്തില്‍ കൊവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം. മുതിര്‍ന്ന പൗരന്മാരും രോഗബാധിതരുമായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിര്‍ദേശം നല്‍കി. അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കൊവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ മാസ്‌ക് ധരിക്കണം. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. അതേസമയം, കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മാത്രം 111 കേസുകളാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്നലെ ഒരു മരണത്തിന് കാരണം കൊവിഡെന്ന് വിലയിരുത്തല്‍. ഇന്നലെ 122 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1828 ആക്ടീവ് കേസുകളാണുള്ളത്. ഒന്നര മാസത്തിനിടെ കേരളത്തില്‍ 1600 ലധികം പേര്‍ക്ക് രോഗം വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. മരിച്ച പത്ത് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നു. പുതിയ കൊവിഡ് ഉപവകഭേദം ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്നത് സംസ്ഥാന ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page