തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വേണം; ചെറുവത്തൂര്‍ വിദേശമദ്യ വില്‍പനശാലയിലെ സ്റ്റോക്കെടുപ്പ് നാട്ടുകാര്‍ തടഞ്ഞു

കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യ വില്പ്പനശാലയില്‍ സ്റ്റോക്ക് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ചുമട്ടുതൊഴിലാളികള്‍, ഓട്ടോഡ്രൈവര്‍മാര്‍, വ്യാപാരികള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഔട്ട്ലെറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം വരാതെ തുടര്‍ നടപടികള്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. കണ്‍സ്യൂമര്‍ഫെഡിന്റെ ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരുമാണ് സ്ഥലത്തെത്തിയത്. സമരത്തെ തുടര്‍ന്ന് സ്റ്റോക്കെടുപ്പ് ഉപേക്ഷിച്ചു. കണ്‍സ്യൂമര്‍ ഫെഡ് കാസര്‍കോട് അസിസ്റ്റന്റ് റീജ്യണല്‍ മാനേജര്‍ പി.വി.ശൈലേഷ് ബാബു, കണ്ണൂര്‍ അസിസ്റ്റന്റ് റീജ്യണ്‍ മാനേജര്‍ സുധീര്‍ ബാബു, മാര്‍ക്കറ്റിംങ്ങ് മാനേജര്‍ വേണുഗോപാല്‍, ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ശ്രീജിത്ത്, വി.ജിജു, ഹോസ് ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ദിലീപ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കെത്തിയത്. നവംബര്‍ 23-നാണ് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പന കേന്ദ്രം തുടങ്ങിയത്. അടുത്ത ദിവസം തന്നെ കേന്ദ്രം പൂട്ടുകയും ചെയ്തു. മുകളില്‍നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രത്തിന് താഴിട്ടതെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് അന്ന് ജനങ്ങള്‍ക്ക് നല്‍കിയ വിശദീകരണം. പൂട്ടിയ നടപടിയില്‍ ചെറുവത്തൂരിലെ ചുമട്ട് തൊഴിലാളികളിലും, ഓട്ടോഡ്രൈവര്‍മാരിലും, വ്യാപാരികളിലും കടുത്ത വിയോജിപ്പുണ്ടായിരുന്നു. പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകരായ തൊഴിലാളികള്‍ ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തുണ്ടായിരുന്നു. നേതൃത്വതലത്തിലുണ്ടാവുന്ന തീരുമാനങ്ങള്‍ താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പോലും അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രധാന വിമര്‍ശനം. ഇതിനിടയില്‍ ചുമട്ട് തൊഴിലാളികളെ ഉള്‍പ്പെടെയുള്ളവരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി പ്രാദേശിക ഘടകം ശ്രമം നടത്തുന്നുണ്ടെങ്കിലും 10 ദിവസത്തിനകം പാര്‍ട്ടി നിലപാട് എന്താണെന്ന് അറിയിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെയും തുറക്കുന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനായിട്ടില്ല. വിദേശമദ്യ വില്‍പ്പനശാല ചെറുവത്തൂരില്‍ തന്നെ തുറക്കുമെന്ന ഉറപ്പാണ് കഴിഞ്ഞ ആഴ്ചകളില്‍ നടന്ന പാര്‍ടിയുടെ മേല്‍ കമ്മറ്റി യോഗം പ്രവര്‍ത്തകരെ അറിയിച്ചത്. അതേസമയം വിദേശമദ്യ വില്പ്പനശാല കണ്ണൂരിലേക്ക് മാറ്റാനുള്ള നടപടിയും നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെരിയ ഇരട്ടക്കൊല: സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചരണം; സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കമന്റിനു താഴെ അശ്ലീല കമന്റിട്ട മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

You cannot copy content of this page