ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി. ഇനി 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. നേരത്തെ ഡിസംബര്‍ 14 ആയിരുന്നു പ്രഖ്യാപിച്ച സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ മിക്ക അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സമയം അനുവദിച്ചത്. സമയം കൂടുതല്‍ അനുവദിച്ചതോടെ ഇനി തിരക്കു കൂട്ടേണ്ടതില്ല. myAadhaar പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക. എന്നാല്‍ ആധാര്‍ കേന്ദ്രത്തില്‍ എത്തി പുതുക്കുമ്പോള്‍ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓണ്‍ലൈന്‍ ആയി തിരുത്താന്‍ സാധിക്കുക. അതേസമയം ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം. 10 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം എന്നാണ് യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം.
