കൊച്ചി: നവകേരളാ സദസ്സ് പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രമാര്‍ക്കും എതിരേയുള്ള ഷൂസ് ഏറിനെ തള്ളി കെഎസ്‌യു. അത് വൈകാരിക പ്രതിഷേധം മാത്രമായിരുന്നു എന്നും അത്തരം രീതികള്‍ സമര മാര്‍ഗ്ഗം അല്ലെന്നും ഇനി അത്തരം രീതികള്‍ ഉണ്ടാകില്ലെന്നുമാണ് കെഎസ് യു നേതാക്കളുടെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞത്.
ഷൂ എറിഞ്ഞ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. മനപൂര്‍വമായ നരഹത്യാശ്രമം അടക്കം ഐപിസി 283, 353, 34 വകുപ്പുകള്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തി. കുറുപ്പംപടി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഏറിലേക്ക് പോയാല്‍ അതിന്റേതായ നടപടികളിലേക്ക് കടക്കുമെന്ന് ഞായറാഴ്ച നവകേരള സദസ്സില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ചിലര്‍ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയില്‍ നാട്ടുകാര്‍ അവരെ അവഗണിച്ചു. ഇന്ന് ബസിന് നേരെ ചെരിപ്പേറുണ്ടായി. എന്താണിവരുടെ പ്രശ്‌നമെന്നാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.