കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ വീണ വനിതാ ഡോക്ടര്‍ മരിച്ചു. കണ്ണൂർ റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ കോവൂർ പാലാഴി എം.എൽ.എ. റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ. എം. സുജാത(54)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.10-ന് കോഴിക്കോട് നിന്ന് എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയിൽ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ റെയിൽവേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് സുജാതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂരിലേക്ക് പോകുകയായിരുന്നു ഡോ. സുജാത. ആന്തരികമായി ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നു. പുറത്തു കാര്യമായി പരിക്കില്ലെങ്കിലും ആന്തരിക രക്തസ്രാവവും അസ്ഥികൾ ഒടിഞ്ഞതുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ നടക്കും. ഭർത്താവ് : പിടി ശശിധരൻ. മക്കൾ: ജയശങ്കർ, ജയകൃഷ്ണൻ. സഹോദരൻ ഡോ. എം സുരേഷ്.
