വീട്ടിലെ സ്വര്‍ണ മോഷണം ഭാര്യ കണ്ടു; യുവതിയെ ടൈല്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു; 11 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

കൊച്ചി: കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി വധക്കേസില്‍ വഴിത്തിരിവ്. 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ഭര്‍ത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവറായ യുവാവിനെ ടൈല്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഷാജിമോനെ അറസ്റ്റുചെയ്തു ചോദ്യം ചെയ്യുന്നതിനിടെയാണു ഷോജി കൊലപാതകവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്. മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്ന ഷാജി അവര്‍ക്കു പണം നല്‍കാനാണ് സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. യുവതിയെയും കൊലപ്പെടുത്തിയത് ടൈല്‍ കട്ടര്‍ കൊണ്ടാണെന്ന് പൊലീസ് പറഞ്ഞു. 2012 ആഗസ്ത് 8 നു രാവിലെ 11 മണിക്കാണ് കൊല നടന്നത്. ഷോജിയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെ സ്വര്‍ണ മോഷണം ഭാര്യ കണ്ടുപിടിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിലാണ് കൊല നടത്തിയത്. ലോക്കല്‍ പൊലീസ് ആദ്യം ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും കത്തി കണ്ടെത്തിയിരുന്നില്ല. ഭര്‍ത്താവ് ഷാജിയെ അടക്കം ചോദ്യം ചെയ്തെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.
ഷോജി വീടിന് സമീപത്തുള്ള കടയിലാണ് ഉണ്ടായിരുന്നത്. ആ സമയത്ത് വീട്ടിലെത്തിയ ഷാജി സ്വര്‍ണം എടുത്തു. ശബ്ദം കേട്ട് ഷോജി വീട്ടിലേക്ക് എത്തുകയും, സ്വര്‍ണം എടുത്തതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page