നവ കേരള ബസ്സിനു അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരി വെയിലത്ത് നിർത്തി, ആരോപണവുമായി എം എസ് എഫ്, ബാലാവകാശ കമ്മീഷന് പരാതി നൽകി

കണ്ണൂര്‍: നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിര്‍ത്തിയതായി പരാതി. തലശ്ശേരി ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് വെയിലത്ത് നിര്‍ത്തിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എംഎസ്എഫ് പരാതി നൽകി. പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് 100 കുട്ടികളെയും എത്തിക്കണം എന്നുമായിരുന്നു നിർദേശം. സംഭവം വിവാദമായതോടെ പഠനത്തിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് പോകാമെന്ന് മാത്രമാണ് പറഞ്ഞതെന്ന് ഡിഇഒ അറിയിച്ചു. അതേസമയം, ക്ലാസ് മുടക്കി വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് എംഎസ്എഫ് അറിയിച്ചു. ഇത് സംബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി മണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page