ക്രിക്കറ്റ് വേൾഡ് കപ്പിലെ ഇന്ത്യൻ തോൽവി; നിരാശയിൽ ആരാധകൻ ആത്മഹത്യ ചെയ്തു
കൊൽക്കത്ത: ലോകകപ്പ് ഫൈനലില്‍ ഒസീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതില്‍ മനംനൊന്ത് 23 കാരൻ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുരയില്‍ ബെലിയാതോര്‍ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.രാഹുല്‍ ലോഹര്‍ എന്നയാളാണ് ലോകകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്.മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതില്‍ മനംനൊന്ത് രാഹുല്‍ തൂങ്ങിമരിക്കുകയായിരുന്നു എന്ന് കുടുംബം പറഞ്ഞു. രാഹുലിന് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മത്സരത്തില്‍ പരാജയപ്പെട്ടതോടെ രാഹുല്‍ തകര്‍ന്നു പോകുകയായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബങ്കുര സമ്മിലാനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 6 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസ് കിരീടം നേടിയത്