നവ കേരള സദസ്: യു ഡി എഫിലും ലീഗിലും ആശയകുഴപ്പം
കാസര്‍കോട്: നവ കേരള സദസ് കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ സംസ്ഥാന രാഷ്‌ട്രീയം ആശയക്കുഴപ്പം കൊണ്ടു ഇളകി മറിയുന്നു. വലതുമുന്നണി ഘടകകക്ഷികളായ കോണ്‍ഗ്രസ്, മുസ്ലീംലീഗ് എന്നിവയിലാണ് ആശങ്ക രൂക്ഷമായികൊണ്ടിരിക്കുന്നത്. സി പി ഐ പ്രവര്‍ത്തകരിലും ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ടെന്നു സൂചനയുണ്ട്.
ഏറ്റവും ഒടുവിലായി നവകേരള സദസില്‍ ലീഗ് നേതാവിന്റെ സാന്നിധ്യമാണ് വലതു മുന്നണി പ്രവര്‍ത്തകരില്‍ ആശയകുഴപ്പമുണ്ടാക്കിയിട്ടുള്ളത്. നവകേരള സദസ്സിന്റെ ഭാഗമായി ഇന്നലെ രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന പ്രഭാത ചര്‍ച്ചയില്‍ മുസ്ലീംലീഗ് നേതാവും ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും വ്യവസായിയുമായ എന്‍ എ അബൂബക്കര്‍ പങ്കെടുത്തിരുന്നു. പ്രഭാത ചര്‍ച്ചയില്‍ പങ്കെടുത്ത 28 അതിഥികളിലൊരാളായിരുന്നു എന്‍ എ അബൂബക്കര്‍. കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും നിലപാടുകള്‍ സംബന്ധിച്ചും ലീഗ് നേതാക്കന്മാരുടെ നിലപാടുകളെക്കുറിച്ചും അടുത്തിടെയായി മുസ്ലീം ലീഗ് നേതൃത്വത്തില്‍ കടുത്ത അഭിപ്രായ വ്യത്യാസം തുടരുന്നതായി വാര്‍ത്തകളുണ്ട്.
സമസ്‌ത വിവാദവും പാലസ്‌തീന്‍ പ്രശ്‌നവും ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍ എന്നിവരുടെ അഭിപ്രായ പ്രകടനങ്ങളും അണികളിലും വലതു മുന്നണിയിലും ഭിന്നിപ്പു പ്രകടമായിക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന് ഈ പ്രശ്‌നത്തില്‍ ഇടപെടേണ്ടി വരുകയും ചെയ്‌തു. സി പി എം നടത്തിയ പാലസ്‌തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സി പി എം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്‌താവിച്ചിരുന്നു. ബഷീറിന്റെ പ്രസ്‌താവനയെ മുഖവിലക്കെടുത്ത സി പി എം നേതൃത്വം ലീഗിനെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. ഇത് യു ഡി എഫ് നേതൃത്വത്തിലും കോണ്‍ഗ്രസിവും വിവാദത്തിനും വിദ്വേഷത്തിനും വാക്കു തര്‍ക്കങ്ങള്‍ക്കും ഇടയാക്കിയിരുന്നു, സി പി എമ്മിന്റെ ക്ഷണത്തിനു നന്ദി അറിയിച്ചുകൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി രംഗം തണുപ്പിക്കുകയായിരുന്നു.
ഇതിനിടയിലാണ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മൗനാനുവാദത്തോടെ ലീഗ് ജില്ലാ സെക്രട്ടറിയെ കേരള ബാങ്ക് ഡയറക്‌ടര്‍ സ്ഥാനത്തേക്ക് സി പി എം നോമിനേറ്റ് ചെയ്‌തത്. ഈ തീരുമാനം മുസ്ലീം ലീഗില്‍ ഭിന്നത കടുപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ പേരില്‍ മലപ്പുറത്ത് പ്രതിഷേധ പോസ്റ്റുകള്‍ പതിക്കുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ് കാസര്‍കോട് ജില്ലയിലെ ലീഗ് നേതാവും വ്യവസായിയുമായ എന്‍ എ അബൂബക്കര്‍ മുഖ്യമന്ത്രി നടത്തിയ പ്രഭാത ചര്‍ച്ചയില്‍ വേദി പങ്കിട്ടത്. ഇതേസമയം തന്നെ ലീഗ് സംസ്ഥാന നേതാവ് കെ പി എ മജീദ് സി പി എമ്മിനെതിരെ ശക്തമായ നിലപാടുമായി രംഗത്തു വന്നു. മരണം വരെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുമായി കൂട്ടില്ലെന്നു 1974 ല്‍ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതു തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല.
അതേസമയം മുഖ്യമന്ത്രിയുടെ പ്രഭാത ചര്‍ച്ചയില്‍ താന്‍ പങ്കെടുത്തതു നാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണെന്നു എന്‍ എ അബൂബക്കര്‍ ഹര്‍ജി ഒരു പത്രത്തോടു പ്രതികരിച്ചു. യു ഡി എഫ് നേതൃത്വം ചടങ്ങു ബഹിഷ്‌ക്കരിച്ചതായി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നേതൃത്വം ബഹിഷ്‌ക്കരിച്ച പരിപാടിയില്‍ മുസ്ലീംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം പങ്കെടുത്തതു ശരിയായില്ലെന്നും അദ്ദേഹത്തോടു വിശദീകരണം ആവശ്യപ്പെടുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി മാധ്യമ പ്രവര്‍ത്തകനോടു പറഞ്ഞു.