റോബിനോട് പക വീട്ടൽ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ; സർവീസ് തുടങ്ങിയതിന് പിന്നാലെ പിഴ; മന്ത്രിമാർ ആഡംബര ബസിൽ നാടു ചുറ്റുമ്പോൾ സാധാരണക്കാരൻ്റെ യാത്രക്ക് പൂട്ടിടാൻ സർക്കാർ

പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങി. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്.

ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കുമെന്നാണ് സൂചന. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

നിയമ ലംഘനം ചൂണ്ടിക്കാട്ടി മുൻപു രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍  16-ാം തിയതിയാണ്  പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ്  റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. പത്തനംതിട്ട – കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page