ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോഴും ജീവനക്കാരെ സംരക്ഷിച്ച് സർക്കാർ; ജീവനക്കാർക്കുള്ള ജീവൻ രക്ഷാ പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി; അപകട മരണത്തിന് 15 ലക്ഷം രൂപ നൽകാൻ തീരുമാനം

തിരുവനന്തപുരം:സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടത്തെ തുടർന്നുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
അപകട മരണത്തിന്‌ 15 ലക്ഷം രൂപയാണ്‌ ലഭിക്കുക.സ്വാഭാവിക മരണത്തിന്‌ അഞ്ചുലക്ഷം രൂപയും നൽകും. അപകടത്തെ തുടർന്ന്‌ പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും. 60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന്‌ 75 ശതമാനവും, നാൽപതു മുതൽ അറുപത്‌ ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും. അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ്‌ നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന്‌ ഏത്‌ വിരൽ, എത്ര ഭാഗം എന്നത്‌ കണക്കാക്കിയാണ്‌ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്‌. കാൽ വിരലുകളുടെ നഷ്ടത്തിന്‌ വാഗ്‌ദത്ത തുകയുടെ പത്തു ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും.
സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ്‌ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായാണ്‌ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌. എന്നാൽ വാർഷിക പ്രീമിയത്തിൽ മാറ്റമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page