ഉത്തരകാശി തുരങ്ക അപകടം; രക്ഷാ പ്രവർത്തനം ആറാം ദിവസത്തിലേക്ക്; 21 മീറ്റർ വരെ തുരന്നു; രക്ഷാ പ്രവർത്തനത്തിൽ ശുഭാപ്തി വിശ്വാസമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അപകടത്തില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആറാം ദിവസവും തുടരുന്നു.കഴിഞ്ഞ ദിവസം നടത്തിയ രക്ഷാപ്രവര്‍ത്തനം മുന്നേറ്റം നടത്തിയിരുന്നു. നൂതന ആഗര്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച്‌ വെള്ളിയാഴ്ച രാവിലെ ആറു മണി വരെ തുരങ്കത്തിനുള്ളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളുടെ 21 മീറ്റര്‍ വരെ തുരന്നതായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ സില്‍ക്യാര കണ്‍ട്രോള്‍ റൂം അറിയിച്ചു.എന്നാല്‍, അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കഠിനമായ ഒരു പദാര്‍ത്ഥത്തിന്റെ സാന്നിധ്യം കാരണം ഡ്രില്ലിംഗ് പ്രക്രിയ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്ത് എത്താന്‍ ഏകദേശം 45 മുതല്‍ 60 മീറ്റര്‍ വരെ ഡ്രില്ലിംഗ് തുടരേണ്ടിവരുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. മണിക്കൂറില്‍ 5 മീറ്റര്‍ എന്ന രീതിയിലാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മുന്‍പ് ഉണ്ടായിരുന്ന മെഷീന്റെ ശേഷിയേക്കാള്‍ കൂടുതലാണ്.

തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനും അവര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി തുടര്‍ച്ചയായ ആശയവിനിമയം നടത്തുന്നുണ്ട്.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും ഓക്‌സിജനും നല്‍കുന്നു. വോക്കി-ടോക്കികള്‍ വഴി രക്ഷാപ്രവര്‍ത്തകരുമായി അവര്‍ ബന്ധപ്പെടുന്നുണ്ട്. കൂടാതെ തുരങ്കത്തിന് സമീപം മെഡിക്കല്‍ അടിസ്ഥാന സൗകര്യവും സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് പുതിയ ഡ്രില്ലിംഗ് മെഷീനുകള്‍ എത്തിച്ചത്. സമാനമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള നോര്‍വേ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായും ഭരണകൂടം ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം കേന്ദ്രമന്ത്രി വികെ സിംഗ് സംഭവസ്ഥലം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന എല്ലാ തൊഴിലാളികളെയും രക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page