ഇന്ന് വൃശ്ചിക സംക്രമം; കടിച്ചാ പൊട്ടാത്ത അപ്പവുമായി കരക്കക്കാവ് ഭഗവതീക്ഷേത്രം

കാസര്‍കോട്: പിലിക്കോടുകാരുടെ നൊസ്‌റാള്‍ജിയയില്‍ പെടുന്നതാണ് കടിച്ചാ പൊട്ടാത്ത അപ്പം. പിലിക്കോട് കരക്കക്കാവ് ഭഗവതീക്ഷേത്രത്തില്‍ നിന്നാണ് വൃശ്ചിക സംക്രമ ദിനത്തില്‍ ഈ അപ്പം ലഭിക്കുക. ഇത് വാങ്ങാന്‍ ആയിരക്കണക്കിന് നാട്ടുകാരാണ് ഇവിടെ എത്തിച്ചേരുന്നത്. അത്യുത്തരകേരളത്തിലെ തീയ്യ സമുദായ ക്ഷേത്രങ്ങളിലെ അറിയപ്പെടുന്ന ഒരു സ്ഥാനമാണ് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിന് ഉള്ളത്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളായ കളിയാട്ടം, പൂരോത്സവം, സംക്രമം, മറ്റ് വിശേഷ അടിയന്തരങ്ങള്‍ക്ക് ശേഷം എല്ലാം ഭക്തര്‍ക്കും അവല്‍, മലര്‍, തേങ്ങാ കഷണങ്ങള്‍ എന്നിവ ചേര്‍ന്ന മിശ്രിതമാണ് പ്രസാദമായി നല്‍കാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് വൃശ്ചിക സംക്രമത്തിന് നല്‍കുന്ന പ്രസാദം. ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രത്തിലെ ആയിരത്തിലേറെ വരുന്ന വാല്യക്കാര്‍ക്ക് ക്ഷേത്രസന്നിധിയില്‍ വച്ച് തന്നെ സ്ഥാനമൊഴിയുന്ന കൂട്ടേയ്കാര്‍മാരില്‍ ഒരാള്‍ കൈകൊണ്ട് ഉണ്ടുലിങ്ങ അപ്പം ഏകദേശം സമതുല്യമായി വിതരണം ചെയ്യുന്നു. ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ് ഈ പ്രസാദം. ചിലര്‍ ഇതിനെ കടിച്ചാല്‍ പൊട്ടാത്ത അപ്പം എന്നും പറയാറുണ്ട്. ഈ അപ്പ നിര്‍മ്മാണത്തിന് പിന്നിലെ ക്ഷേത്രവല്യക്കാരുടെയും സ്ത്രീകളുടെയും ത്യാഗമുണ്ട്. ജാതിമതഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പ്രസാദമാണ് ഉണ്ടുലിങ്ങ അപ്പം. അടച്ചുറപ്പുള്ള ഒരു പാത്രത്തിലിട്ട് സൂക്ഷിച്ചാല്‍ ഒരുവര്‍ഷത്തോളം ഇത് കേടുകൂടാതെ ഉപയോഗിക്കാന്‍ സാധിക്കും. അന്യദേശക്കാരുടെ ഇടയില്‍ കൂടി ഇത് പ്രിയങ്കരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page