അത്യന്താധിനുക സൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും പറുദീസയായ ദുബായ് നഗരത്തിന് അലങ്കാരമായി പുതിയ വിമാനത്താവളം വരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണലിന് പകരം ഇതിനേക്കാള്‍ വലിയ വിമാനത്താവളമാണ് നിര്‍മിക്കുന്നത്. പുതിയ വിമാനത്താവളത്തിന്റെ രൂപകല്‍പന നടപടികള്‍ പുരോഗമിക്കുകയാണെന്നും 2030 ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും ദുബായ് എയര്‍പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു. ദുബായില്‍ ആരംഭിച്ച എയര്‍ഷോ 2023ല്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എ.എ.ഫ്.പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പോള്‍ ഗ്രിഫിത്ത്സ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള വിമാനത്താവളത്തേക്കാള്‍ വലുതും മികച്ചതുമാണ് ഒരുങ്ങുന്നത്. എയര്‍പോര്‍ട്ടുകളുടെ ബിസിനസ്സ് മോഡല്‍ പൂര്‍ണമായും രൂപാന്തരപ്പെടുത്തുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ വ്യക്തിഗതമായ യാത്രാനുഭവം നല്‍കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ വിമാനത്താവളത്തിലെ വാര്‍ഷിക യാത്രക്കാരുടെ ശേഷി 12 കോടി എത്തിയാല്‍ പുതിയ വിമാനത്താവളത്തിന്റെ ആവശ്യകത ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം വാര്‍ഷിക യാത്രക്കാരുടെ എണ്ണം 8.68 കോടിയിലെത്തുമെന്ന് കഴിഞ്ഞ ബുധനാഴ്ച ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. യാത്രക്കാര്‍ ധാരാളമുണ്ടായിരുന്ന കൊവിഡ് കാലത്തിനു മുമ്പുള്ളതിനേക്കാള്‍ യാത്രക്കാര്‍ ഈ വര്‍ഷം ദുബായ് വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞു. 2019ല്‍ 8.63 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളം ഉപയോഗപ്പെടുത്തിയിരുന്നത്. ടൂറിസം വികസനത്തിന്റെ ഭാഗമായി രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ യുഎഇ ശ്രമം തുടരുന്നതിനാല്‍ വരും വര്‍ഷങ്ങളിലും യാത്രക്കാരുടെ എണ്ണം കൂടും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍, ദുബായ് എക്സ്പോ പോലുള്ള നിരവധി ഇവന്റുകള്‍ നടക്കുന്നതിനാല്‍ ടൂറിസ്റ്റുകളുടെയും ബിസിനസ്, തൊഴില്‍, വിസിറ്റ് വിസകളില്‍ എത്തുന്നവരുടെയും എണ്ണം ഉയരും. ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടുള്ള വിമാനത്താവള വികസനത്തിനാണ് രൂപരേഖ തയ്യാറാക്കുന്നത്. അബുദാബിയില്‍ പുതിയ വിമാനത്താവള ടെര്‍മിനല്‍ ഈ മാസം ഒന്നിന് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനലുകളിലൊന്നാണിത്.