ശ്രീനഗര്‍: ജമ്മുകശ്മീരിലെ ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 6 പേരുടെ നില ഗുരുതരമാണ്. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 55 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. ബത്തോത്ത – കിഷ്ത്വാര്‍ ദേശീയപാതയിലാണ് അപകടം. പരിക്കേറ്റവരെ ഇവരെ ദോഡ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ നാട്ടുകാരും പിന്നീട് പൊലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമിത വേഗതയിലെത്തിയ ബസ് കുത്തനെയുള്ള വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ഡികെആര്‍ റേഞ്ച് ഡിഐജി സുനില്‍ ശര്‍മ്മ പറഞ്ഞു. ചെറിയ ബസ് അപകടം എന്നാണ് ആദ്യം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ പിന്നീടാണ് ദുരന്തത്തിന്റെ വ്യാപ്തി പുറത്തുവന്നത്. ചെങ്കുത്തായ മലനിരകളുള്ള പ്രദേശത്താണ് അപകടമുണ്ടായത്. മലനിരകളിലൂടെ വരികയായിരുന്ന ബസ് വളവ് തിരിയുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ടാണ് കൊക്കയിലേക്ക് പതിച്ചത്. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവര്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.







