57 കാരിയെ കഴുത്തു ഞെരിച്ചുകൊന്നു; മൃതദേഹം ചുരത്തിലെ കൊക്കയില്‍ തള്ളിയതായി മൊഴി; സുഹൃത്തായ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിന്റെ മൊഴി. ഇവരെ കൊലപ്പെടുത്തിയെന്നു വ്യക്തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. ഈ മാസം ഏഴിനാണ് കുറ്റിക്കാട്ടൂര്‍ വെളിപറമ്പ് സ്വദേശി സൈനബ (57)യെ കാണാതായത്. സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മലപ്പുറം സ്വദേശി സമദി(52)ന്റെ മൊഴി. ഇതേ തുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ പൊലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചു. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് സൂചന. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. അതേസമയം, മൃതദേഹം ലഭിച്ചാല്‍ മാത്രമേ കൊലപാതകമെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സൈനബയെ കാണാതായത്. ഭര്‍ത്താവ് ജെയിംസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കസബ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാള്‍ പറയുന്നത് അനുസരിച്ച് സുലൈമാന്‍ എന്ന സുഹൃത്തിനൊപ്പം ഈ മാസംഏഴിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈനബയെ കോഴിക്കോടു പുതിയ ബസ് സ്റ്റാന്‍ഡിന് അടുത്തുനിന്നും കാറില്‍ കയറ്റിക്കൊണ്ടുപോയത്. സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. യാത്രാമധ്യേ വൈകിട്ട് അഞ്ചരയോടെ മുക്കത്തിന് അടുത്തുവച്ച് ഇരുവരും ചേര്‍ന്ന് സൈനബയെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. സൈനബയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നശേഷം നിലമ്പൂര്‍ വഴി നാടുകാണി ചുരത്തിലെത്തി മൃതദേഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ മൊഴിപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ്, മൃതദേഹം കണ്ടെത്തുന്നതിനായി ഗൂഡല്ലൂരിലേക്കു തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page