തോണി മറിഞ്ഞ് കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; ആനയിറങ്കൽ ജലാശയത്തിൽ കാണായത് രണ്ട് പേരെ

മൂന്നാര്‍: ആനയിറങ്കല്‍ ജലാശയത്തിലൂടെ മറുകര കടക്കുന്നതിനിടെ തീരത്ത് കാട്ടാനയെ കണ്ട് ഭയന്ന് വഞ്ചിയില്‍നിന്ന് വീണ  കാണാതായവർക്കായി തിരച്ചിൽ തുടരുന്നു.ആദിവാസി പുനരധിവാസ മേഖലയായ ചിന്നക്കനാല്‍ 301 കോളനിയില്‍ ഇടിക്കുഴി ഭാഗത്ത് താമസിക്കുന്ന ഗോപി നാഗൻ (60), പാറക്കല്‍ സജീവൻ (38) എന്നിവരെയാണ്  കാണാതായത്. ഞായറാഴ്ച രാവിലെ പൂപ്പാറ ടൗണില്‍ പോയി സാധനങ്ങള്‍ വാങ്ങിയ ശേഷം ആനയിറങ്കലിലെത്തിയ ഇരുവരും ഉച്ചയോടെ ജലാശയത്തിലൂടെ വള്ളത്തില്‍ 301 കോളനിയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റുമുണ്ടായിരുന്നു. ഇതോടെയാണ് വഞ്ചിമറിഞ്ഞത്. വെള്ളത്തില്‍ വീണ ഗോപി ഉടൻ മുങ്ങി താഴ്ന്നു. കരയിലേക്ക് നീന്തിക്കയറാൻ ശ്രമിച്ച സജീവന്റെ നിലവിളി പ്രദേശവാസിയായ രഞ്ജിത്ത് കേട്ടിരുന്നു. രഞ്‌ജിത്ത് ഓടിയെത്തിയപ്പോഴേക്കും സജീവനും മുങ്ങിത്താഴ്ന്നു. ഇവരുടെ വള്ളം മറിഞ്ഞതിന്റെ മറുഭാഗത്ത് ജലാശയത്തില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു.
        കൂടുതല്‍ പേരെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. മൂന്നാര്‍, രാജാക്കാട് അഗ്നിരക്ഷാ സേന യൂനിറ്റുകളും ശാന്തൻപാറ പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകീട്ട് അഞ്ചിന് തൊടുപുഴയില്‍നിന്നുള്ള സ്കൂബ ടീമംഗങ്ങളും തിരച്ചില്‍ ആരംഭിച്ചു. രക്ഷാ പ്രവര്‍ത്തനം നടക്കുമ്ബോഴും കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ കാണാതായ സജീവന്റെ മാതാവ് മോളി 2007ല്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page