വെബ് ഡെസ്ക്: നവംബർ 12 ലോക ന്യുമോണിയ ദിനം. ഈ ദിനം ഒരു ഓർമ്മപ്പെടുത്തലാണ് ന്യുമോണിയ എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന, ഗുരുതരമായ, ജീവന് ഭീഷണിയായേക്കാവുന്ന ശ്വാസകോശ അണുബാധയാണ്.
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയുടെ ഒരു രൂപമാണ് ന്യുമോണിയ. വായു നിറയുന്ന അൽവിയോളി എന്ന ചെറിയ സഞ്ചികളാൽ നിർമ്മിതമാണ് ശ്വാസകോശം. ഒരു വ്യക്തിക്ക് ന്യുമോണിയ ഉണ്ടാകുമ്പോൾ, ആൽവിയോളിയിൽ പഴുപ്പും ദ്രാവകവും നിറയും, ഇത് ശ്വസനം വേദനാജനകമാക്കുകയും ശ്വാസം വലിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
കുട്ടികളുടെ മരണത്തിന് കാരണമാകുന്ന ഏറ്റവും വലിയ പകർച്ചവ്യാധിയാണ് ന്യുമോണിയ. തെക്കൻ ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടാകുന്നത്. ലളിതമായ ഇടപെടലുകളിലൂടെയും, പരിചരണത്തിലൂടെയും ഇത് ചികിത്സിക്കാം.
വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങൾ കൊണ്ട് ന്യുമോണിയ ഉണ്ടാവാം. കൂടാതെ, ജനനസമയത്തും ന്യുമോണിയ രക്തത്തിലൂടെ പകരാം.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ചുമയും പനിയും കൂടാതെ ശ്വാസതടസ്സവും, നെഞ്ച് ചലിക്കുന്നതും പിൻവാങ്ങുന്നതും ആയ വേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവ രോഗലക്ഷണങ്ങളാണ്. വളരെ ഗുരുതരമായ രോഗമുള്ള കുട്ടികൾക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റാതെ വന്നേക്കാം. കൂടാതെ അബോധാവസ്ഥ, ശരീരം അമിതമായി തണുക്കുക, ഹൃദയാഘാതം എന്നിവയും അനുഭവപ്പെടാം.
ആരോഗ്യമുള്ള മിക്ക കുട്ടികൾക്കും അവരുടെ സ്വാഭാവിക പ്രതിരോധത്തിലൂടെ അണുബാധയെ ചെറുക്കാൻ കഴിയുമെങ്കിലും, പ്രതിരോധ ശക്തി കുറവായ കുട്ടികൾക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എച്ച്ഐവി അണുബാധ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾ ഉള്ള കുട്ടിക്ക് ന്യുമോണിയ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ന്യുമോണിയ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ന്യുമോണിയയുടെ കഠിനമായ കേസുകളിൽ മാത്രമാണ് ആശുപത്രിയിൽ പ്രവേശനം ശുപാർശ ചെയ്യുന്നത്.
ഹിബ്, ന്യൂമോകോക്കസ്, മീസിൽസ്, വില്ലൻ ചുമ (പെർട്ടുസിസ്) എന്നിവയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്‌പ്പാണ് ന്യുമോണിയ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. അതിനോടൊപ്പം ശരിയായ പോഷകാഹാരം കുട്ടികളുടെ സ്വാഭാവിക പ്രതിരോധം മെച്ചപ്പെടുത്തും.