കൊല്ലം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ വ്യാജ നഗ്‌ന ചിത്രം നിര്‍മ്മിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര മരുതമണ്‍പള്ളി കാറ്റാടി ചിത്തിര ഭവനില്‍ സജി (21) ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രതി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഈ ഫോട്ടോകള്‍ വിവിധ സൈറ്റുകളില്‍ അപ്പ്‌ലോഡും ചെയ്തു. ഇരയാക്കപ്പെട്ട പെണ്‍കുട്ടികളില്‍ ചിലര്‍ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇത്തരം പ്രവണത കാട്ടുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്‍ നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. കൊല്ലം റൂറല്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ കേസുകള്‍ അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ച് നല്‍കിയിരുന്നു. അങ്ങനെ പരാതിക്കാരിയുടെ കേസും രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പ്രതി ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തുപറഞ്ഞത്.
