കൊച്ചി: മുഖ്യമന്ത്രി പിണറായിവിജയനും മകള്‍ വീണ തയ്‌ക്കണ്ടിയിലും ഉന്നത ഉദ്യോഗസ്ഥന്മാരുമടക്കമുള്ളവരും ചേർന്ന് അഴിമതിയും അധികാരദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ വിസമ്മതിച്ച വിജിലന്‍സ് കോടതി നിലപാടിനെതിരെയുള്ള പരാതിയില്‍ കേരള ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.ഈ കേസില്‍ പരാതിക്കാരനായ ഗിരീഷ് ബാബു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂരിലെ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് സി എം ആര്‍ എല്‍ (കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടയില്‍) കമ്പനി 1.72 കോടി രൂപ നിയമവിരുദ്ധമായി നല്‍കിയെന്ന ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്.മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമെ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ്, എ ഗോവിന്ദന്‍ എന്നിവരും സി എം ആര്‍ എല്ലില്‍ നിന്നു പണം വാങ്ങിയിട്ടുണ്ടെന്നു പരാതിയില്‍ ആരോപിച്ചിരുന്നു.
കൃത്യമായ തെളിവില്ലാതെ ആരോപണം മാത്രമാണ് പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി പരാതി തള്ളിയത്. ഇതിനെതിരെയാണ് പരാതിക്കാരനായ ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. പൊതുപ്രവര്‍ത്തകര്‍ അവരുടെ ഔദ്യോഗികസ്ഥാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്നാരോപിച്ചാണ് വിജിലന്‍സ് കോടതി ഉത്തരവിനെതിരെ പരാതിക്കാരന്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്.
