പള്ളിക്കരയിൽ പുലിയിറങ്ങിയതായി നാട്ടുകാർ: കാട്ടുപൂച്ച ആയിരിക്കാമെന്ന് വനം വകുപ്പ്
കാസർകോട് : പള്ളിക്കര തൊട്ടിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. പുലിയുടെ സാദൃശ്യമുള്ള മൃഗം റോഡ് മുറിച്ചു കിടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് പുലിയുടെ സാദൃശ്യമുള്ള മൃഗം റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി ക്യാമറയിൽപതിഞ്ഞത്. ഇതോടെ തൊട്ടിഭാഗത്ത ജനങ്ങൾ ഭീതിയിലായി. രാത്രിയിൽ തന്നെ നാട്ടുകാർ വിവരം വനപാലകരെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയ കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് അന്വേഷണം നടത്തി. പുലിയുടെ കാൽപ്പാടുകൾ ഒന്നും കണ്ടെത്താനായില്ല. സി സി ടിവി ക്യാമറ ദൃശ്യം വനപാലകർ പരിശോധിച്ചു. ദൃശ്യത്തിൽ കാണുന്നത് പുലിയല്ലെന്നും കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നും വനപാലകർ പറഞ്ഞു. ക്യാമറ ദൃശ്യത്തിൽ കാട്ടുപൂച്ചയെക്കാൾ വലിയ ഉയരമുള്ള മൃഗത്തിന്റെ ദൃശ്യമാണ് കണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്. തൊട്ടിയിലെയും പരിസരങ്ങളിലെയും റോഡുകളിലും സമീപത്തെ പറമ്പുകൾ ഉൾപ്പെടെ വനപാലകർ വിശദമായ പരിശോധന നടത്തി. കാൽപ്പാടുകളോ മറ്റ് അടയാളങ്ങളും പുലിയുടേതായി കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടുവളപ്പിലെ മതിലിനോട് ചേർന്ന് നിന്ന മൃഗം മറ്റൊരു പറമ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്ന സി.സി.ടി.വി ദൃശ്യമാണ് ഉള്ളത്. ഇതുപോലെ ഇരിയണ്ണിയിൽ നാട്ടുകാർ പുലിയെ കണ്ടെത്തിയതായി വനം വകുപ്പിനെ അറിയിച്ചിരുന്നു. അന്വേഷണത്തിൽ കഴുത പുലിയാണെന്ന് മനസ്സിലാവുകയായിരുന്നു.