ദുരിത യാത്രക്ക് അൽപ്പം ശമനം ആകും; പരശുറാം എക്സ്പ്രസ്സിൽ ഒരു കോച്ച് കൂടെ കൂട്ടുമെന്ന് റെയിൽവേ അറിയിച്ചതായി പി കെ കൃഷ്ണദാസ് ;പകൽ സർവ്വീസ് നടത്തുന്ന മറ്റ് രണ്ട് ട്രയിനുകളിലും അധിക കോച്ച് അനുവദിക്കാൻ സാധ്യത

കൊച്ചി: സംസ്ഥാനത്തെ ട്രെയിൻ യാത്രാ ദുരിതം ചർച്ചയാകുന്നതിനിടെ പരശുറാം എക്സ്പ്രസിൽ കോച്ചുകൾ കൂട്ടുമെന്ന് ദക്ഷിണ റെയിൽവേ. കഴിഞ്ഞദിവസങ്ങളിൽ പരശുറാം എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണതടക്കമുളള  സംഭവങ്ങൾ ഉണ്ടായിരുന്നു. തിക്കിലും തിരക്കിലും യാത്ര ചെയ്യുന്നവരുടെ ദുരിതം  പുറത്തുവന്നതിന് പിന്നാലെയാണ് ട്രെയിനിൽ ഒരു കോച്ച് കൂടി കൂട്ടുമെന്ന് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. പരശുറാം എക്സ്പ്രസിൽ ഒരു ജനറൽ കോച്ചുകൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി പാസഞ്ചർ അമിനിറ്റീസ് മുൻ ചെയർമാൻ പികെ കൃഷ്ണദാസാണ് അറിയിച്ചത്. യാത്രക്കാരുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എസ്കെ സിങ്ങുമായി ചർച്ച നടത്തിയെന്നും കൃഷ്ണദാസ് വ്യക്തമാക്കി. പരശുറാം എക്സപ്രസിലെ തിരക്ക് കാരണം യാത്രികർ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരായ ഓപ്പറേഷന്‍സ് പിസിപിഒ ചെന്നൈ ശ്രീകുമാര്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവരുമായാണ് കൃഷ്ണദാസ് ഇക്കാര്യം സംസാരിച്ചത്.നിലവില്‍ 21 കോച്ചുകളുളള പരശുറാമില്‍ ഒന്നു കൂടി വര്‍ധിക്കുന്നതോടെ 22 ആകുമെന്നും നിലവില്‍ ജനറല്‍ കോച്ചുകള്‍ കുറച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കൃഷ്ണദാസ് പറഞ്ഞു. പരശുറാമിൽ നിലവില്‍ 15 കോച്ചുകള്‍ ജനറലാണ്. ഒന്നുകൂടി വർധിപ്പിക്കുമ്പോള്‍ യാത്രാ ക്ലേശം പരിഹരിക്കപ്പെടും. അതേസമയം പരശുറാമിന് പുറമെ വേണാട്, വഞ്ചിനാട് എക്സ്പ്രസുകളിലും ഒരു കോച്ചുവീതം കൂട്ടിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page