നാളെ തുലാം പത്ത്; ഉത്തര മലബാറില്‍ ഇനി തെയ്യാട്ടക്കാലം

കാസര്‍കോട്: മലയാള മാസം തുലാം പിറന്നതോടെ കണ്ണൂരിലും ഉത്തര മലബാറിലും തെയ്യങ്ങളുടെ കാലം. തുലാം പത്തു മുതല്‍ കാവുകളിലും തറവാടുകളിലും കഴകങ്ങളിലും തറവാട് മുറ്റങ്ങളിലും തെയ്യങ്ങളുടെ അട്ടഹാസങ്ങളും വായ്ത്താരികളും കൊണ്ട് മുഖരിതമാവും. കുരുത്തോലയും ആടയാഭരണങ്ങളുമായി തെയ്യങ്ങള്‍ക്ക് ജീവനേകാന്‍ തെയ്യം കെട്ടുന്നവര്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. തുലാം പത്തുമുതല്‍ ഇടവപ്പാതി വരെയാണ് ഇവിടെ തെയ്യക്കാലം. വടക്കേ മലബാറിലെ ജനമനസ്സുകളില്‍ അടിയുറച്ച ആത്മീയവും സാമൂഹ്യവുമായ വിശ്വാസങ്ങളിലാണ് തെയ്യത്തിന്റെ നിലനില്‍പ്പ്. ഉത്തരകേരളത്തിന്റെ അനുഷ്ഠാന രൂപമായ തെയ്യത്തിന്റെ തുടക്കവും ഒടുക്കവും കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലും കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടിലും നാളെയാണ് കളിയാട്ടച്ചെണ്ടയുണരുന്നത്. മന്നംപുറത്തുകാവിലെ ഇടവമാസപ്പെരുങ്കലശത്തോടെ അത്യുത്തരകേരളത്തിലെ കളിയാട്ടക്കാലം സമാപിക്കും. ഉത്തര കേരളത്തില്‍ 456 തെയ്യങ്ങളില്‍ 120 ഓളം തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നു. വിഷ്ണു മൂര്‍ത്തി, പൊട്ടന്‍, ഗുളികന്‍ തുടങ്ങിയ തെയ്യക്കോലങ്ങളാണ് ഏറ്റവും കൂടുതല്‍ കെട്ടിയാടുന്നത്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഭഗവതി, വേട്ടയ്ക്കൊരുമകന്‍, രക്തചാമുണ്ഡി, കതിവനൂര്‍ വീരന്‍, ക്ഷേത്രപാലന്‍ , ഭദ്രകാളി, മുവാളംകുഴി, കുറത്തി, ബാലി, ഘണ്ഡാകര്‍ണ്ണന്‍, കടവാങ്കോട് മാക്കം, കണ്ണങ്കാട് ഭഗവതി, കതിവൂര്‍ വീരന്‍ തുടങ്ങിയവയും പ്രധാന തെയ്യ കോലങ്ങളാണ്. ഇക്കുറി 15 ഓളം ക്ഷേത്ര സ്ഥാനങ്ങളില്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ടും നടക്കും. ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ 10 നാള്‍ നീണ്ടുനില്‍ക്കുന്ന പെരുങ്കളിയാട്ടം ഫെബ്രുവരിയിലാണ്. വ്രതാനുഷ്ടാനം, ക്രമാനുഷ്ടാനം തുടങ്ങി അനുഷ്ടാന ഭേദങ്ങള്‍ ഉള്ള കലയാണ് തെയ്യം. തുലാമാസം 10 ാം തീയ്യതി കണ്ണൂര്‍ മയ്യില്‍ കൊളച്ചേരിചാത്തമ്പള്ളി വിഷകണ്ഠന്‍ ദേവസ്ഥാനത്ത് വിഷകണ്ഠന്‍ തെയ്യത്തിന്റെ കോലം കെട്ടിയാടിയതോടെയാണ് കോലത്തുനാട്ടിലെ തെയ്യാട്ടക്കാലം തുടങ്ങുന്നത്. നിശ്ചിത തെയ്യക്കോലങ്ങള്‍ കെട്ടിയാടാനുള്ള അവകാശം വ്യത്യസ്ത സമുദായങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിശ്വാസം. നൃത്തവും, ഗീതവും, വാദ്യവും, ശില്‍പകലയുമെല്ലാം ഓരോ തെയ്യക്കോലത്തിലും സമ്മേളിക്കുന്നു. ആചാരനുഷ്ഠനങ്ങള്‍ക്കപ്പുറം ഒരു ദേശത്തിന്റെ സംസ്‌ക്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം. തെയ്യാട്ടക്കാലം ആരംഭിക്കുന്നുവെന്ന പ്രാധാന്യത്തിനൊപ്പം കാര്‍ഷിക സംസ്‌കൃതിയുമായും ഈശ്വര ആരാധനയുമായും ബന്ധപ്പെട്ടുകിടക്കുന്ന നിരവധി അനുഷ്ഠാനങ്ങളും ആചാരങ്ങളും തുലാപ്പത്തിനു പിറകിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page