കാഞ്ഞങ്ങാട്: പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എത്തേണ്ട
മാവേലി എക്സ്പ്രസ് ട്രാക്ക് മാറി വന്നു നിന്നു. ഒഴിവായത് വൻ ദുരന്തം. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാരെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ കടന്നു പോയതിനുശേഷം ആണ് മാവേലി എക്സ്പ്രസ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഒന്നാമത്തെ പ്ലാറ്റ്ഫോമിന് സമീപമുള്ള ട്രാക്കിൽ വരേണ്ട ട്രെയിൻ എത്തിയത് മധ്യഭാഗത്തെ ട്രാക്കിൽ. കാഞ്ഞങ്ങാട് നിർത്താതെ പോകുന്ന ട്രെയിനുകൾ കടന്നു പോകുന്ന ട്രാക്കിലാണ് മാവേലിയും വന്നു നിന്നത്. ഇതു കാരണം ഇറങ്ങേണ്ടവരും കയറേണ്ടവരും ഏറെ ദുരിതം നേരിട്ടു. പലരും പ്ലാറ്റ് ഫോമിൽ നിന്ന് ചാടി ഇറങ്ങിയാണ് ട്രെയിനിൽ കയറിയത്. കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ ദുരിതം പേറിയാണ് ട്രെയിനിനകത്ത് കയറിയതും ട്രെയിനിനുള്ളിലുള്ളവർ ഇറങ്ങിയതും. സംഭവത്തെ തുടർന്ന് അഞ്ച് മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു . പോയിന്റ് ഫെയിലിയർ സാങ്കേതിക
തകരാറാണ് ഇതിന് കാരണമെന്ന് റെയിൽ അധികൃതർ പറഞ്ഞു. റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
